The History of the Decline and Fall of the Roman Empire - ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ
പൊതുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ പതനം വരെയുള്ള കാലത്ത് റോമാസാമ്രാജ്യത്തിനു സംഭവിച്ച ക്ഷതിപതനങ്ങൾ വിവരിച്ച് ചെയ്ത് പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരൻ എഡ്‌വേഡ് ഗിബ്ബൺ എഴുതിയ ചരിത്രരചനയാണ് ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ. ഈ കൃതിയുടെ ദീർഘമായ മുഴുവൻ പേര് ദ ഹിസ്റ്ററി ഓഫ് ദ ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ എന്നാണ്. ആറു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചന വെളിച്ചം കണ്ടത് 1776-നും 1789-നും ഇടയിലായിരുന്നു. പൊതുവർഷം 98 മുതൽ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ പതനം നടന്ന് ഒരു നൂറ്റാണ്ടു കഴിഞ്ഞ് 1590 വരെയുള്ള കാലത്തെ റോമാസാമ്രാജ്യത്തിന്റെയും, യൂറോപ്പിന്റെയും, ക്രിസ്തീയസഭകളുടേയും കഥ ഉൾക്കൊള്ളുന്ന ഈ കൃതി പാശ്ചാത്യ-പൗരസ്ത്യസാമ്രാജ്യങ്ങളെ അവയുടെ തളർച്ചയുടെ വഴിയിൽ തകർച്ചയോളം പിന്തുടരുന്നു. ഒട്ടേറെ മൂലരേഖകളുടെ പിൻബലത്തോടെ താരതമ്യേന വസ്തുനിഷ്ഠമായി എഴുതപ്പെട്ടിരിക്കുന്ന ഗിബ്ബന്റെ രചന, പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് പിൽക്കാലചരിത്രകാരന്മാർക്ക് മാതൃകയായി കണക്കാക്കപ്പെട്ടു. "റോമിന്റെ ആദ്യത്തെ ആധുനികചരിത്രകാരൻ" എന്നു ഗിബ്ബൻ വിശേഷിപ്പിക്കപ്പ...