Voltaire - വോൾട്ടയർ
വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു (21 നവംബർ, 1694 - മേയ് 30, 1778). കവിതകൾ, നാടകങ്ങൾ, നോവലുകൾ, ഉപന്യാസങ്ങൾ, ചരിത്രപരവും ശാസ്ത്രപരവുമായ ഗ്രന്ഥങ്ങൾ എന്നിവയെല്ലാം അദ്ദേഹം രചിച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി. 1694 നവംബർ 21 ന് പാരീസിൽ ജനിച്ചു. ഫ്രാൻസ്വ അറൗവേ, മരീ മാർഗരിറ്റെ ദൗമാ എന്നിവരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. കോളെജ് ലൂയി ലെ ഗ്രാന്ദിൽ ജെസ്യൂട്ടുകളുടെ കീഴിൽ പഠിച്ചു. ലത്തീൻ, ഗ്രീക്ക് ഭാഷകൾ ഇവിടെവച്ചാണ് പഠിച്ചത്. ഇതിനുശേഷം ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കി. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേ എഴുത്തുകാരനാകണമെന്ന് വോൾട്ടയർ തീരുമാനമെടുത്തിരുന്നു. പക്ഷെ പിതാവിന് അദ്ദേഹത്തെ അഭിഭാഷകനാക്കാനായിരുന്നു ആഗ്രഹം. അദ്ദേഹം മകനെ പാരീസിലെ ഒരഭിഭാഷകന്റെ സഹായിയാക്കിയെങ്കിലും ആക്ഷേപഹാസ്യപരമായ കവിതകളെഴുത...