ടാസിറ്റസ് -
പുരാതന റോമൻ ചരിത്രകാരനാണ് ടാസിറ്റസ്. ഇദ്ദേഹത്തിന്റെ ജനനസ്ഥലത്തെ പറ്റിയും ജനിച്ച വർഷത്തെ സംബന്ധിച്ചും പേരിനോടൊപ്പം കൊർണീലിയസ് എന്നു ചേർത്തിരിക്കുന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. എ.ഡി. 55-നടുത്ത് ഇദ്ദേഹം ജനിച്ചതായി കരുതപ്പെടുന്നു. സ്വന്തം കൃതികളിൽ നൽകിയിരിക്കുന്ന സൂചനകളും സമകാലികനായിരുന്ന ഇളയ പ്ലിനിയുടെ വിവരണങ്ങളിൽനിന്നു ലഭിക്കുന്ന സൂചനകളുമാണ് ടാസിറ്റസ്സിൻ ജീവിതത്തെപ്പറ്റി നമുക്കു ലഭിക്കുന്ന മുഖ്യവിവരങ്ങൾ. ഭരണപരമായ പല സ്ഥാനങ്ങളും ടാസിറ്റസ് വഹിച്ചിരുന്നതായി കരുതപ്പെടുന്നു. 79-ാമാണ്ടിനോടടുത്ത് സെനറ്ററായി തുടങ്ങി 88-ൽ പ്രേറ്റർ, 97-98ൽ കോൺസൽ, ഏകദേശം 112-113-ൽ പ്രവിശ്യാഗവർണർ എന്നീ പദവികൾ വഹിച്ചിരുന്നതായി സൂചനകളുണ്ട്. 89 മുതൽ 93 വരെ പ്രവിശ്യാഭരണവുമായി ബന്ധപ്പെട്ട് ജർമനിയിൽ താമസിച്ചിരുന്നു എന്നും അഭ്യൂഹിക്കുന്നു. ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനപ്പെട്ടവ ഒന്നാം നൂറ്റാണ്ടിലെ റോമൻ ചരിത്രസംബന്ധിയായി രചിക്കപ്പെട്ട രണ്ടു ഗ്രന്ഥങ്ങളാണ്. ഇവ രണ്ടും 104 മുതൽ 117 വരെയുള്ള കാലത്തു രചിക്കപ്പെട്ടതായി അനുമാനിക്കുന്നു. ടൈബീരിയസ് മുതൽ ഡൊമീഷ്യൻ വരെയുള്ള ജൂലിയോ-ക്ലോഡിയൻ, ഫ്ളാവിയൻ ചക്രവർത്തിമാരു...