ബെർകിലിയം
അണുസംഖ്യ 97 ആയ മൂലകമാണ് ബെർകിലിയം. Bk ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. ഈ റേഡിയോ ആക്ടീവ് ലോഹം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഇത് ആദ്യമായി നിർമ്മിക്കപ്പെട്ടത് അമെരിസിയത്തിലേക്ക് ആൽഫ കണങ്ങളെ(ഹീലിയം അയോൺ) കൂട്ടിയിടിപ്പിച്ചാണ്. കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ അഞ്ചാമത്തേതാണിത്. 2004 വരെയുള്ള വിവരങ്ങളനുസരിച്ച് ഈ മൂലകം ഇതേവരെ ശുദ്ധമൂലകരൂപത്തിൽ വേർതിരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് വായുവിൽ എളുപ്പം ഓക്സീകരിക്കപ്പെടുന്ന ഒരു വെള്ളിനിറമുള്ള മൂലകമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന താപനിലയിൽ നേർപ്പിച്ച ധാതു അമ്ലങ്ങളിൽ (mineral acids) ഇത് ലയിക്കുമെന്നും കരുതപ്പെടുന്നു. എക്സ്-കിരണ വിഭംഗന രീതി (X-ray diffraction) ഉപയോഗിച്ച് ബെർകിലിയം ഡയോക്സൈഡ് (BkO2), ബെർകിലിയം ഫ്ലൂറൈഡ് (BkF3), ബെർകിലിയം ഓക്സിക്ലോറൈഡ് (BkOCl), ബെർകിലിയം ട്രയോക്സൈഡ് (Bk2O3) തുടങ്ങിയ പല ബെർകിലിയം സംയുക്തങ്ങളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ അസ്ഥികോശങ്ങൾ മറ്റ് ആക്ടിനൈഡുകളേപ്പോലെത്തന്നെ ബെർകിലിയത്തേയും വലിച്ചെടുക്കുന്...