ഹെറോഡോട്ടസ്
ജനനം ബിസി 484; മരണം 425 ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്നു ഹെറോഡോട്ടസ്. പുരാതന ഏഷ്യാമൈനറിൽ കാരിയയിലുള്ള ഹാലിക്കാർനാസസിൽ (ആധുനിക തുർക്കിയിൽ ബോദ്രമിനടുത്ത്) ആണ് അദ്ദേഹം ജനിച്ചത്. ചരിത്രവസ്തുതകളെ ചിട്ടയോടെ ശേഖരിച്ച്, ഒരളവുവരെയെങ്കിലും അവയുടെ വാസ്തവികത പരിശോധിച്ച ശേഷം അവധാനതയോടെ പൂർവാപരക്രമത്തിൽ അവതരിപ്പിച്ച ആദ്യത്തെ വ്യക്തി എന്ന നിലയിൽ, "ചരിത്രരചനയുടെ പിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു ഹെറോഡോട്ടസിന്റെ ഏകരചനയായി അറിയപ്പെടുന്ന ഹിസ്റ്ററീസ് ആണ് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങളുടെ രേഖ. ഗ്രീസും പേർഷ്യയും തമ്മിൽ ബി.സി. അഞ്ചാം നൂറ്റാണ്ടിൽ നടന്ന യുദ്ധത്തിന്റെ ഉല്പത്തിയുടെ അന്വേഷണമെന്ന നിലയിൽ എഴുതിയിരിക്കുന്ന ഹെറോഡോട്ടസിന്റെ കൃതി, ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ അറിവുകളുടെ അമൂല്യശേഖരമാണ്. ഈ 'ചരിത്രത്തിന്റെ' ചില ഘടകങ്ങൾ ഭാവനാസൃഷ്ടി ആയിരിക്കാമെങ്കിലും കേട്ടറിഞ്ഞ കാര്യങ്ങളേ താൻ എഴുതിയിട്ടുള്ളു എന്ന് ഹെറോഡോട്ടസ് അവകാശപ്പെടുന്നുണ്ട്. ഈ ചരിത്രകാരന്റെ ജീവിതകഥ മിക്കവാറും അജ്ഞാതമാണ്. എങ്കിലും പിതൃസഹോദരന്റെ രാഷ്ട്രീയപ്രവർത്ത...