തുസ്സിഡിഡീസ്
ഗ്രീക്ക് ചരിത്രകാരനും ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ സ്പാർട്ടായും ഏഥൻസും തമ്മിൽ നടന്ന് ക്രി.മു. 411-ൽ അവസാനിച്ച പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിന്റെ, രചയിതാവുമായിരുന്നു. ദൈവങ്ങളുടെ ഇടപെടലിനെ ആസ്പദമാക്കിയല്ലാതെ, കാര്യ-കാരണ യുക്തിയെ പിന്തുടർന്ന്, കണിശമായ തെളിവുകളേയും വിശകലനങ്ങളേയും ആശ്രയിച്ച് ചരിത്രരചന നടത്തിയതിനാൽ, ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നു തുസ്സിഡിഡീസ് വിശേഷിക്കപ്പെടാറുണ്ട്.
രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ധാർമ്മികതയുടേതിനു പകരം ശക്തിയുടെ കണ്ണാടിയിലൂടെ നോക്കിക്കണ്ട തുസ്സിഡിഡീസ് പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പിതാവെന്നും വിശേഷിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ പുരാതനരചന ലോകമാസകലമുള്ള ഉന്നതസൈനികകലാശാലകളിൽ പാഠപുസ്തകമാണ്. അതിലെ മീലിയൻ സംവാദം രാഷ്ട്രാന്തരബന്ധത്തിന്റെ വിഷയത്തിലെ അടിസ്ഥാനരചനകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.
പകർച്ചവ്യാധികളും ആഭ്യന്തരയുദ്ധങ്ങളും പോലെയുള്ള അത്യാഹിതങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണത്തെ മനസ്സിലാക്കാൻ മനുഷ്യസ്വഭാവത്തിന്റെ പഠനത്തെ അദ്ദേഹം ആശ്രയിച്ചു. അതേസമയം, തുസ്സിഡിഡീസിന്റെ രചനയുടെ വിപുലമായ സാഹിത്യമോടിയും, അതിലെ പ്രഭാഷണങ്ങളുടെ ശില്പഭംഗിയും ചൂണ്ടിക്കാട്ടി, ചരിത്രരചനയിലെ ശാസ്ത്രീയരീതിക്കൊപ്പം ശാസ്ത്രീയേതരസങ്കേതങ്ങളെയും അദ്ദേഹം മടികൂടാതെ ആശ്രയിച്ചു എന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്.
ചരിത്രകാരനെന്ന നിലയിൽ അതിപ്രശസ്തനെങ്കിലും, തുസ്സിഡിഡീസിന്റെ ജീവിതത്തെക്കുറിച്ച് കുറച്ചുകാര്യങ്ങൾ മാത്രമേ അറിവയുള്ളു. അറിയാവുന്ന കാര്യങ്ങളിൽ ഏറെയും അദ്ദേഹം രചിച്ച പെലോപൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിൽ നിന്നാണ്. ഗ്രന്ഥകാരന്റെ രാഷ്ട്രം, ജന്മസ്ഥലം, മാതാപിതാക്കൾ എന്നിക്കാര്യങ്ങളെക്കുറിച്ച് ആ കൃതി അറിവുതരുന്നു. താൻ പെലെപൊന്നേസ് യുദ്ധത്തിൽ പങ്കെടുത്തെന്നും, പ്ലേഗ് ബാധിതനായെന്നും ഏഥൻസിലെ ജനാധിപത്യഭരണകൂടം തന്നെ നാടുകടത്തിയെന്നും തുസ്സിഡിഡീസ് അതിൽ വ്യക്തമാക്കുന്നു.
പെലൊപൊന്നേസ് യുദ്ധത്തിന്റെ ചരിത്രം
===================================
തുസ്സിഡിഡീസിന്റെ ചരിത്രഗ്രന്ഥം അദ്ദേഹത്തിന്റെ കാലശേഷം എട്ടുഭാഗങ്ങളായി വിഭജിക്കപ്പെട്ടു: ആധുനികകാലത്ത് അത്, പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. ചരിത്രത്തിനും ചരിത്രരചനാശാസ്ത്രത്തിനും തുസ്സിഡിഡീസ് ആകെ നൽകിയ സംഭാവന ഏഥൻസും അതിന്റെ സഖ്യകക്ഷികളും സ്പാർട്ടയും അതിന്റെ സഖ്യകക്ഷികളും തമ്മിൽ നടന്ന ഇരുപത്തേഴുവർഷത്തെ യുദ്ധത്തിന്റെ ഈ ചരിത്രത്തിൽ അടങ്ങിയിരിക്കുന്നു. ഇരുപത്തിയൊന്നാം വർഷം ഒടുവിൽ ആഖ്യാനം പെട്ടെന്ന് നിൽക്കുന്നു. പുസ്തകത്തിന്റെ അവസാന ഭാഗം വായിച്ചാൽ തുസ്സിഡിഡീസിന്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം കൊല്ലപ്പെടുകായാണുണ്ടായതെന്നും തോന്നും. പെലോപ്പൊന്നേസ് യുദ്ധത്തെ വളരെ പ്രാധാന്യമുള്ള ഒരു ചരിത്രസംഭവമായി തുസ്സിഡിഡീസ് വിലയിരുത്തി. അതിനെക്കുറിച്ചുള്ള തന്റെ രചന എല്ലാക്കാലത്തിനും ഒരു കൈമുതലായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
ശരിയായ അർത്ഥത്തിലുള്ള ആദ്യത്തെ ചരിത്രകാരന്മാരിൽ ഒരാളായി തുസ്സിഡിഡീസ് എണ്ണപ്പെടുന്നു. ചരിത്രരചനയുടെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ മുൻഗാമി ഹെറോഡൊട്ടസിനെപ്പോലെ അദ്ദേഹവും, സംഭവഗതികളുടെ വിശകലനത്തേയും ദൃക്സാക്ഷി വിവരണങ്ങളേയും ആശ്രയിക്കുകയും സ്വന്തം പങ്കാളിത്തമുള്ള പല സംഭവങ്ങളുടേയും വിവരണം നൽകുകയും ചെയ്തു. ലിഖിതരേഖകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നതും താൻ വിവരിക്കുന്ന സംഭവങ്ങളിൽ പങ്കെടുത്തിട്ടുള്ളവരെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. മനുഷ്യവ്യാപാരങ്ങളിൽ ദൈവത്തിന്റെ ഇടപെടലിനെ അദ്ദേഹം കണക്കിലെടുത്തില്ല. ആധുനികദൃഷ്ടിയിൽ നോക്കുമ്പോൾ, തുസ്സിഡിഡീസ് അബോധമായ മുൻവിധികൾ വച്ചുപുലർത്തിയിരുന്നുവെന്ന് തോന്നിയേക്കാം. പേർഷ്യയുടെ ഇടപെടലിന്റെ പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകാണുന്നത് അതിന് ഒരുദാഹരണമാണ്. എന്നാൽ ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കുകയെന്ന ആധുനിക നിലപാടിന് കുറെയെങ്കിലും അടുത്തുവരുന്ന ആദ്യത്തെ ചരിത്രകാരനാണദ്ദേഹം.
തുസ്സിഡിഡീസിന്റെ ചരിത്രവും ആധുനികചരിത്രരചനകളും തമ്മിലുള്ള ഒരു പ്രധാനവ്യത്യാസം തുസ്സിഡിഡീസ് തന്റെ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അനേകം പ്രഭാഷണങ്ങളാണ്. തനിക്ക് ഓർക്കാൻ കഴിഞ്ഞരീതിയിലും അവയുടെ സന്ദർഭത്തിൽ എന്താണ് പറയേണ്ടിയിരുന്നത് എന്നതിനെക്കുറിച്ചുള്ള തന്റെ ധാരണയുടെ അടിസ്ഥനത്തിലും ആണ് താൻ അവ രേഖപ്പെടുത്തിയതെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം ചരിത്രകാരൻ രേഖപ്പെടുത്തിയാലല്ലാതെ പുരാതനകാലത്തെ പ്രമുഖ പ്രഭാഷണങ്ങൾ പിൽക്കാലങ്ങളിൽ ലഭ്യമാവുകയില്ലായിരുന്നുവെന്നും ഓർക്കേണ്ടതുണ്ട്. ആധുനിക കാലത്ത് ചരിത്രപ്രാധാന്യമുള്ള പ്രഭാഷണങ്ങളുടെ നിലനില്പ്പ് മറ്റുവഴിയിൽ ഉറപ്പായതുകൊണ്ട് അവ രേഖപ്പെടുത്തിവക്കുന്നത് ചരിത്രകാരന്റെ ജോലിയല്ല. അതുകൊണ്ട്, ആധുനികചരിത്രകാരന്മാരെപ്പോലെ, ഉറവിടങ്ങളെ കണ്ടെടുത്ത് ഉപയോഗിക്കുകയായിരുന്നില്ല തുസ്സിഡിഡീസിന് ചെയ്യാനുണ്ടായിരുന്നത്. മിക്കവാറും വാമൊഴിയായി കിട്ടിയ ഉറവിടങ്ങളെ രേഖപ്പെടുത്തി, വിസ്മൃതിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഈ പ്രഭാഷണങ്ങൾ സാഹിത്യശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് ജനാധിപത്യത്തെ ധാർമ്മികവാദങ്ങളുന്നയിച്ച് ആവേശപൂർവം ന്യായീകരിക്കുന്ന പെരിക്കിൾസിന്റെ ചരമപ്രസംഗം, പരേതരെ പ്രശംസാവചനങ്ങൾ കൊണ്ട് ഇങ്ങനെ മൂടുന്നു.
തുസ്സിഡിഡീസിന്റെ മുഖ്യവിഷയങ്ങളിൽ ഒന്ന് ഏഥൻസിന്റെ സാമ്രാജ്യസദാചാരമായിരുന്നെന്ന്(Imperial Ethic), രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ,ക്ലാസിക്കൽ പണ്ഡിതയായ ജാക്വിലീൻ ഡി റോമിലി ചൂണ്ടിക്കാട്ടി. അവരുടെ പഠനം തുസ്സിഡിഡീസിന്റെ ചരിത്രത്തെ രാഷ്ട്രാന്തരബന്ധത്തെക്കുറിച്ചുള്ള ഗ്രീക്ക് ചിന്തയുടെ പശ്ചാത്തലത്തിൽ പ്രതിഷ്ടിച്ചു. ആ മൗലികപഠനം തുസ്സിഡിഡിസിന്റെ ചരിത്രത്തിലെ കയ്യൂക്കിന്റെ രാഷ്ട്രനീതിയിലെക്ക്(Power Politics) പലരുടേയും ശ്രദ്ധ ആകർഷിച്ചു.
എന്നാൽ റിച്ചാർഡ് നെഡ് ലെബോയെപ്പോലുള്ള എഴുത്തുകാർ, തുസ്സിഡിഡീസിനെ നഗ്നമായ ശക്തിരാഷ്ട്രീയത്തിന്റെ ചരിത്രകാരനായി വിലയിരുത്തുന്നതിനെ എതിർക്കുന്നു. ലോകനേതാക്കളിൽ തുസ്സിഡിഡീസിന്റെ ചരിത്രം വായിച്ചിട്ടുള്ളവർക്കൊക്കെ, ഇതിഹാസകാരന്റേയും കവിയുടേയും സഹതാപദൃഷ്ടിക്കുപകരം, ദിനവൃത്താന്തകന്റെ നിർമ്മമതയോടെ തങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടാകാമെന്ന മുന്നറിയിപ്പാണ് കിട്ടുകയെന്നും, ആ മുന്നറിയിപ്പ് അറിഞ്ഞോ അറിയാതെയോ അവർ സൃഷ്ടിക്കുന്ന ചരിത്രത്തെ സ്വാധീനിക്കുമെന്നും ഈ ലേഖകന്മാർ ചൂണ്ടിക്കാട്ടുന്നു. തുസ്സിഡിഡീസിന്റെ മീലിയൻ സംവാദം ദിനവൃത്താന്തകർക്കും, തങ്ങളുടെ നേതാക്കന്മാർ ലോകവേദിയിൽ പൂർണ്ണ സത്യസന്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കരുതുന്ന എല്ലാവർക്കും പാഠമാണ്. പെരിക്കിൾസിന്റെ ചരമപ്രസംഗത്തിൽ മലമുകളിലെ തിളങ്ങുന്ന നഗരമായി പ്രത്യക്ഷപ്പെടുന്ന ഏഥൻസ്, ധർമ്മച്യുതിയിൽ അധികാരഭ്രാന്ത് പെരുകി, അയൽ നഗരങ്ങൾക്കുമേൽ ഭീകരവാഴ്ച നടത്തുന്നതിന്റെ ചിത്രീകരണമായും അതിനെ കാണാം.
തന്റെ വളർച്ചക്കും വിവരണത്തിനും പശ്ചാത്തലമായിരുന്ന കലയേയോ, സാഹിത്യത്തെയോ സമൂഹത്തെയോ വർണ്ണിക്കാൻ തുസ്സിഡിഡീസ് താത്പര്യം കാട്ടുന്നില്ല. ഒരു കാലഘട്ടത്തെക്കുറിച്ചന്നതിനുപകരം ഒരു സംഭവത്തെക്കുറിച്ചെഴുതുകയായിരുന്ന അദ്ദേഹം, അപ്രസക്തമെന്ന് തോന്നിയതിനെയൊക്കെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
ഏഥൻസിലെ ജനാധിപത്യത്തോട്, അങ്ങേയറ്റം ഇളക്കമുള്ള മനോഭാവമാണ് തുസ്സിഡിഡീസിനുണ്ടായിരുന്നതെന്ന് ലിയോ സ്ട്രാസ് നഗരവും മനുഷ്യനും(പുറങ്ങൾ 230–31) എന്ന പ്രഖ്യാതപഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്: "തുസ്സിഡിഡീസിന്റെ ജ്ഞാനം സാധ്യമാക്കിയത്" വ്യക്തികളുടെ തന്റേടത്തിനും, കൗതുകത്തിനും, സംരംഭക്ഷമതക്കും സ്വാതന്ത്ര്യവും പ്രോത്സാഹനവും നൽകിയ പെരിക്കിൾസിന്റെ ജനാധിപത്യമായിരുന്നു. എന്നാൽ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം അമിതമായ അധികാരക്കൊതിയെ തുറന്നുവിട്ട്, സാമ്രാജ്യത്വത്തിനും രാഷ്ട്രീയ അസ്ഥിരതക്കും അവസരമൊരുക്കി. ഏഥൻസിന്റേയും ജനാധിപത്യത്തിന്റെ തന്നെയും ദുരന്തം ഇതാണ് — ഏഥൻസിലെ ജനാധിപത്യത്തിൽ നിന്ന് പഠിച്ച്, തുസ്സിഡിഡീസ് രേഖപ്പെടുത്തിവച്ച ദുരന്തജ്ഞാനവും ഇതുതന്നെ. ജനാധിപത്യത്തിന് നേതൃത്വം ആവശ്യമാണെന്നും നേതൃത്വം ജനാധിപത്യത്തെ അപകടപ്പെടുത്തിയേക്കാമെന്നുമുള്ള പാഠമാണ് തുസ്സിഡിഡീസിൽ നിന്ന് പരമ്പരാഗത പണ്ഡിതന്മാർ സ്വീകരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ