സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

മൃദുവും, വെള്ളി നിറത്തിലുള്ളതും, വളരെ പ്രവർത്തനശേഷി ഉള്ളതുമായ ഒരു ക്ഷാര ലോഹമാണ് സോഡിയം. നമുക്ക്‌ ചിരപരിചിതമായ കറിയുപ്പ്‌, സോഡിയവും ക്ലോറിനും ചേർന്ന സംയുക്തമാണ്‌ (സോഡിയം ക്ലോറൈഡ് (NaCl)). വായുവിന്റെ സാന്നിധ്യത്തിൽ സോഡിയം വളരെ പെട്ടെന്ന് ഓക്സീകരിക്കപ്പെടുന്നു. അതിനാൽ മണ്ണെണ്ണ പോലെയുള്ള നിർവീര്യപരിതഃസ്ഥിതിയിൽ വേണം ഇതിനെ സൂക്ഷിക്കാൻ. ഉരുക്കിയ സോഡിയം ഹൈഡ്രോക്സൈഡിനെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് 1807-ൽ ഹംഫ്രി ഡേവി സോഡിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്. സോഡിയം, ഉപ്പിന്റെ രൂപത്തിൽ സമുദ്രജലത്തിൽ‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭൂമിയിൽ നിന്നും ലഭിക്കുന്ന ധാതുക്കളിലെ പ്രധാനഘടകവുമാണ് ഇത്. ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്തുന്നതിനായി അത്യന്താപേക്ഷിതമായ മൂലകമാണ് ഇത്.

സോഡിയത്തിന്റെ അണുസംഖ്യ 11-ഉം അണുഭാരം 22.9898 ഗ്രാം/മോൾ -ഉം ആണ്. Na ആണ് ഇതിന്റെ രാസ പ്രതീകം(ലാറ്റിൻ ഭാഷയിലെ നേട്രിയം എന്ന പദത്തിൽ നിന്നും). ആവർത്തനപ്പട്ടികയിൽ ക്ഷാര ലോഹങ്ങളുടെ കൂട്ടമായ ഗ്രൂപ്പ് 1-ലെ അംഗമാണ് സോഡിയം. 23Na എന്ന ഒരേ ഒരു സുസ്ഥിര ഐസോടോപ്പേ ഇതിനുള്ളൂ.

ആവർത്തന നിയമപ്രകാരം ക്ഷാര ലോഹങ്ങളിൽ, സോഡിയത്തിന്റെ പ്രവർത്തനക്ഷമത ലിഥിയത്തെ അപേക്ഷിച്ച് കൂടുതലും പൊട്ടാസ്യത്തെ അപേക്ഷിച്ച് കുറവുമാണ്. ജലം, ക്ലോറിൻ എന്നിവയുമായുള്ള ഈ മൂലകങ്ങളുടെ പ്രവർത്തനം ഇതിന് ഉദാഹരണമാണ്. എന്നാൽ സാന്ദ്രതയുടെ കാര്യത്തിൽ സോഡിയം ആവർത്തനനിയമം അനുസരിക്കുന്നില്ല. ആവർത്തനനിയമമനുസരിച്ച് ഒരു ഗ്രൂപ്പിൽ, മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ മൂലകത്തിന്റെ സാന്ദ്രത വർദ്ധിക്കേണ്ടതാണ്. എങ്കിലും സോഡിയത്തിന്റെ സാന്ദ്രത പൊട്ടാസ്യത്തേക്കാൾ അധികമാണ്.


സോഡിയം തീജ്വാലയിൽ കാണിക്കുമ്പോൾ മഞ്ഞ നിറം ലഭിക്കുന്നു
സോഡിയത്തിന്റെ കൂടിയ പ്രവർത്തനശേഷി മൂലം, പ്രകൃതിയിൽ ഇത് ശുദ്ധമായ രൂപത്തിൽ കാണപ്പെടുന്നേ ഇല്ല. മറിച്ച് സംയുക്തങ്ങളായാണ് കാണപ്പെടുന്നത്. ജലവുമായുള്ള സോഡിയത്തിന്റെ പ്രവർത്തനം താപം പുറപ്പെടുവിക്കുന്നതാണ്. സോഡിയത്തിന്റെ ചെറിയ കഷണങ്ങൾ ജലത്തിലിട്ടാൽ അത് ജലവുമായി പ്രവർത്തിച്ചു തീരുന്നതു വരെ പൊങ്ങിയും താണും കിടക്കും. എന്നാൽ വലിയ കഷണമാണെങ്കിൽ അത് പൊട്ടിത്തെറിക്കുന്നു. സോഡിയവും ജലവും തമ്മിലുള്ള പ്രവർത്തനഫലമായി സോഡിയം ഹൈഡ്രോക്സൈഡ് (NaOH) എന്ന ക്ഷാരവും ഹൈഡ്രജനും ഉണ്ടാകുന്നു. സോഡിയം വായുവിൽ കത്തുമ്പോൾ സോഡിയം പെറോക്സൈഡും (Na2O2), ഓക്സിജൻ കുറവുള്ള അന്തരീക്ഷത്തിൽ കത്തുമ്പോൾ സോഡിയം ഓക്സൈഡും (Na2O), ഉന്നത മർദ്ദത്തിലുള്ള ഓക്സിജന്റെ സാന്നിധ്യത്തിൽ കത്തുകയാണെങ്കിൽ സോഡിയം സൂപ്പർഓക്സൈഡും NaO2 ഉണ്ടാകുന്നു.

സോഡിയത്തേയോ അതിന്റെ സംയുക്തങ്ങളേയോ തീജ്വാലയിൽ കാണിച്ചാൽ ആ ജ്വാലക്ക് മഞ്ഞ നിറം കിട്ടുന്നു.

മിക്കവാറും സോഡിയം സംയുക്തങ്ങളും വെള്ളത്തിൽ അലിയുന്നവയാണ്. എങ്കിലും വെള്ളത്തിൽ അലിഞ്ഞു ചേരാത്ത വളരെയധികം സോഡിയം സംയുക്തങ്ങളും പ്രകൃതിയിൽ ഉണ്ട്. ഫെൽഡ്‌സ്പാർസ് അത്തരം ഒരു ധാതു ആണ്. സോഡിയം ബിസ്മത്തേറ്റ് (NaBiO3), സോഡിയം ഒക്റ്റാമോളിബ്ഡേറ്റ് (Na2Mo8O25• 4H2O, സോഡിയം തിയോപ്ലാറ്റിനേറ്റ്(Na4Pt3S6), സോഡിയം യുറാനേറ്റ് (Na2UO4) എന്നിവയും അലിയാത്ത സോഡിയം ലവണങ്ങളാണ്.

രക്തത്തിന്റേയും മറ്റു ശരീരദ്രവങ്ങളുടേയും നിയന്ത്രണം, ഞരമ്പുകളുടെ പ്രവർത്തനം, ഹൃദയത്തിന്റെ പ്രവർത്തനം, ചില ദഹനപ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് സോഡിയം അയോണുകൾ അത്യാവശ്യമാണ്. പക്ഷേ രക്തം പോലുള്ള ബാഹ്യകോശദ്രാവകങ്ങൾ കുറവായ ചെടികളിൽ സോഡിയം ഒരു അത്യാവശ്യഘടകമല്ല.

സോഡിയത്തിന്റെ ലവണങ്ങൾക്ക് പൊതുവേ ഉപ്പു രസമാണ് ഉള്ളത്. കാത്സ്യം ക്ലോറൈഡിനും ഉപ്പുരസമുണ്ടെങ്കിലും അത് കയ്പ്പുള്ളതാണ്. സോഡിയത്തിന്റെ ഏറ്റവും സാധാരണ ലവണമാണ് സോഡിയം ക്ലോറൈഡ് അഥവാ കറിയുപ്പ്. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനും, ഭക്ഷ്യസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും മറ്റുമായി കൂടുതലായി ഉപയോഗിക്കുന്നു. ഉപ്പിന്റെ അംശം കൂടൂതലുള്ളയിടത്ത് ബാക്റ്റീരിയക്കും പൂപ്പലിനും വളരാൻ സാധ്യമല്ലെന്നതിനാലാണ് ഭക്ഷ്യസാധനങ്ങൾ ഉപ്പിൽ കേടുകൂടാതെ ഇരിക്കുന്നത്.

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. ഇംഗ്ലീഷിലെ സാലറി എന്ന വാക്കു തന്നെ സാൾട്ട് എന്ന വാക്കിൽ നിന്നും ആണ് ഉണ്ടായത്. ദിവസേന മനുഷ്യന് ആവശ്യമായ് ഉപ്പിന്റെ അളവ് 500 മില്ലീ ഗ്രാം ആണെങ്കിലും ഇതിന്റെ പത്തിരട്ടിയോളം നാം നിത്യേന ഭക്ഷണത്തിലൂടെ കഴിക്കുന്നുണ്ട്. ചില ആളുകളിൽ ഉപ്പ് രക്തസമ്മർദ്ദത്തിൽ മാറ്റം വരുത്തുന്നതിനാൽ, ഉപ്പിന്റെ അധികോപയോഗം അവരുടെ ആരോഗ്യത്തിന് ഹാനികരമാണ്.

--------------------------------------------------------------------
ഉപയോഗങ്ങൾ
================
സിർകോണിയം, പൊട്ടാസ്യം മുതലായ പ്രവർത്തനശേഷി കൂടിയ മൂലകങ്ങളെ അവയുടെ സംയുക്തങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാൻ സോഡിയം ഉപയോഗിക്കുന്നു.

സോഡിയം അയോൺ (Na+) പൊട്ടാസ്യവും (K-) ജന്തുജീവിതത്തിന് അത്യാവശ്യമായ ഘടകമാണ്. ര്ണ്ടിന്റെയും ഒരു സങ്കലനമാണ് ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ pH കൃത്യമാക്കുന്നത്.

ചില സങ്കരലോഹങ്ങളുടെ ഘടന മെച്ചപ്പെടുത്തുന്നതിന്.

സോപ്പ് നിർമ്മാണത്തിന്-സോഡിയം ഉപയോഗിക്കുന്ന സോപ്പുകൾ പൊട്ടാസ്യം സോപ്പുകളെ അപേക്ഷിച്ച് കടുപ്പമുള്ളതാണ്.

ഉരുകിയ ലോഹങ്ങളുടെ ശുദ്ധീകരണത്തിന്.

സോഡിയം ബാഷ്പ വിളക്കുകൾക്ക്-നഗരങ്ങളിൽ തെരുവുവിളക്കുകളായി സോഡിയം ബാഷ്പ വിളക്കുകളാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ മർദ്ദത്തിലുള്ള സോഡിയം വിളക്കുകൾ, മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള പ്രകാശവും കൂടിയ മർദ്ദത്തിലുള്ളവ തെളിഞ്ഞ മഞ്ഞ പ്രകാശവും നൽകുന്നു.

ചില ആണവറിയാക്റ്ററുകളിലും, ആന്തരജ്വലന എഞ്ചിനുകളിലെ‍ വാൽ‌വുകളിലും താപകൈമാറ്റ ദ്രാവകമായി ഉപയോഗിക്കുന്നു.
സോഡിയം ക്ലോറൈഡിലെ സോഡിയം അയോണുകളും, ക്ലോറൈഡ് അയോണുകളും ജൈവശരീരത്തിലെ താപകൈമാറ്റത്തിനുള്ള ഏറ്റവും പ്രധാന ഘടകങ്ങളാണ്.

ശാരീരികപ്രവർത്തനങ്ങളിൽ ഒരു നിരോക്സീകാരിയായാണ് സോഡിയം പ്രവർത്തിക്കുന്നത്.

മരുന്നുകൾ ഉണ്ടാക്കുന്നതിനും ഒരു മരുന്നായും ഉപയോഗിക്കുന്നു. (ബൈകാർബണേറ്റുകൾ)
രാസപദാർത്ഥങ്ങളിൽ നിന്നും ജലാംശം നീക്കം ചെയ്യാനായി സോഡിയം തനിച്ചോ, പൊട്ടാസ്യവുമായി NaK എന്ന സങ്കരമാക്കിയോ ഉപയോഗിക്കാറുണ്ട്.
----------------------------------------------------------
സോഡിയം സംയുക്തങ്ങൾ കാലങ്ങൾക്കു മുൻപേ സോഡ എന്ന പേരിൽ അറിയപ്പെട്ടിരുന്നു (ഉദാ: കാസ്റ്റിക് സോഡ) പക്ഷേ 1807-ൽ മാത്രമാണ് ഇത് വേർതിരിച്ചെടുത്തത്. കാസ്റ്റിക് സോഡയെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് ഹംഫ്രി ഡേവി ആദ്യമായി ഇതിനെ വേർതിരിച്ചത്. മധ്യകാല യുറോപ്പിൽ ലാറ്റിൻ ഭാഷയിൽ സോഡാനം എന്ന ഒരു സോഡിയം സംയുക്തം തലവേദനക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്നു. സോഡിയത്തിന്റെ പ്രതീകമായ Na, ഒരു സോഡിയം സംയുക്തത്തിന്റെ നവ ലാറ്റിൻ നാമമായ നേട്രിയം എന്ന വാക്കിൽ നിന്നാണ് ഉണ്ടായത്. നേട്രിയം എന്ന പേരാകട്ടെ, സോഡിയം കാർബണേറ്റ് ചേർന്ന ഒരു ധാതു ലവണത്തിന്റെ ഗ്രീക്ക് പേരായ നൈട്രോൺ എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്.
-------------------------------------------------------
നക്ഷത്രങ്ങളിൽ സോഡിയം താരതമ്യേന സുലഭമാണ്. പ്രധാന നക്ഷത്രങ്ങളിൽ നിന്നുമുള്ള വർണരാജി അപഗ്രദനത്തിൽ ഈ മൂലകത്തിനെ സാന്നിധ്യം പ്രകടമാക്കുന്ന സോഡിയം ഡി സ്പെക്രൽ രേഖകൾ ധാരാളമായി കാണാം. ഭൂവൽക്കത്തിന്റെ (crest) ആകെ ഭാരത്തിൽ 2.36% ഭാഗവും സോഡിയമാണ്. ഇതാണ് സോഡിയത്തെ ഭൂവൽക്കത്തിലെ ഏറ്റവും അധികമുള്ള ആറാമത്തെ മൂലകവും, നാലാമത്തെ ലോഹമൂലകവും, ക്ഷാര ലോഹങ്ങളിൽ ഒന്നാമനും ആക്കാനുള്ള കാരണം.

സോഡിയം കാർബണേറ്റിനെ കാർബണുമായി ചേർത്ത് 1100°സെ. വരെ ചൂടാക്കിയാണ്, പത്തൊമ്പതാം നൂറ്റാണ്ടിൽ സോഡിയം നിർമ്മിച്ചിരുന്നത്. ഇതിന്റെ രാസസമവാക്യം:

Na2CO3 (ദ്രാവകം) + 2 C (ഖരം, കരി) → 2 Na (ബാഷ്പം) + 3 CO (വാതകം).
ഉരുക്കിയ സോഡിയം ക്ലോറൈഡിനെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് ഇപ്പോൾ സോഡിയം വ്യാവസായികമായി നിർമ്മിക്കുന്നത്. ഡൌൺസ് സെൽ എന്നറിയപ്പെടുന്ന പ്രത്യേകതരം അറയിലാണ് ഇത് ചെയ്യുന്നത്. ദ്രവണാങ്കം 700° സെ. വരെ കുറക്കുന്നതിനായി സോഡിയം ക്ലോറൈഡിൽ അൽപ്പം കാത്സ്യം ക്ലോറൈഡു കൂടി ചേർത്താണ് വിശ്ലേഷണം നടത്തുന്നത്. സോഡിയം ഹൈഡ്രോക്സൈഡിനെ വൈദ്യുതവിശ്ലേഷണം നടത്തി സോഡിയത്തെ വേർതിരിക്കുന്ന പഴയ രീതിയെ അപേക്ഷിച്ച് ഈ രീതി ചെലവു കുറഞ്ഞതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ