റേഡിയം


അണുസംഖ്യ 88 ആയ മൂലകമാണ് റേഡിയം. Ra ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വളരെ അണൂപ്രസരമുള്ള ഒരു മൂലകമാണിത്. സാധാരണനിലയിൽ ഏകദേശം ശുദ്ധമായ വെള്ള നിറമുള്ള റേഡിയം വായുവുമായി സമ്പർക്കത്തിൽ വരു‍മ്പോൾ ഉടൻ തന്നെ ഓക്സീകരിക്കപ്പെട്ട് കറുത്ത നിറമാകുന്നു. ആൽക്കലൈൻ എർത്ത് ലോഹമായ റേഡിയം, യുറേനിയം അയിരുകളിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 226Ra ന്റെ അർദ്ധായുസ് 1602 വർഷമാണ്. ഈ ഐസോട്ടോപ്പ് ശോഷണം സംഭവിച്ച് ക്രമേണ റഡോൺ വാതകമായി മാറുന്നു

ക്ഷാര എർത്ത് ലോഹങ്ങളിലെ ഏറ്റവും ഭാരം കൂടിയ മൂലകമായ റേഡിയത്തിന് രാസസ്വഭാവത്തിൽ ബേരിയത്തോട് സാമ്യങ്ങളുണ്ട്. യുറേനിയത്തിന്റെ അയിരായ പിച്ച്‌ബ്ലെൻഡിൽ ഈ ലോഹം വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. റേഡിയം മങ്ങിയ നീല പ്രകാശം പുറപ്പെടുവിക്കുന്നു. ജലവുമായും എണ്ണയുമായും ഉഗ്രമായി പ്രവർത്തിക്കുന്നു. ബേരിയത്തേക്കാൾ അല്പം കൂടുതൽ ബാഷ്പശീലം കാണിക്കുന്നു. സാധാരണ നിലയിൽ റേഡിയം ഖരാവസ്ഥയിലായിരിക്കും.

പ്രായോഗികമായി വളരെ കുറച്ച് ഉപയോഗങ്ങൾ മാത്രമുള്ള റേഡിയത്തിന്റെ പ്രയോജനങ്ങൾ അതിന്റെ റേഡിയോആക്ടീവ് സ്വഭാവത്തെ ആധാരമാക്കിയുള്ളതാണ്. എന്നാൽ ഈയടുത്തായി കണ്ടുപിടിക്കപ്പെട്ട 60Co, 137Cs തുടങ്ങിയ റേഡിയോഐസോട്ടോപ്പുകൾ റേഡിയത്തിന് പകരമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഈ ഐസോട്ടോപ്പുകൾ കൂടുതൽ ഉയർന്ന ഉൽ‌സർജീകാരികളും ഉപയോഗിക്കാൻ സുരക്ഷിതമായവയും ഉയർന്ന ഗാഢതയിൽ ലഭ്യമായതിനാലുമാണിത്. ഊർജ്ജതന്ത്രത്തിലെ പരീക്ഷണങ്ങളിൽ ബെറിലിയത്തോടൊപ്പം ചേർത്ത് ഒരു ന്യൂട്രോൺ സ്രോതസ്സായി റേഡിയം ഉപയോഗിക്കാറുണ്ട്.

തുല്യ മാസിലുള്ള യുറേനിയത്തേക്കാൾ പത്ത് ലക്ഷം ഇരട്ടി റേഡിയോആക്ടിവാണ് റേഡിയം. കുറഞ്ഞത് ഏഴ് ഘട്ടങ്ങളിലായാണ് റേഡിയത്തിന്റെ ശോഷണം നടക്കുന്നത്. 25 വർഷം കൊണ്ട് റേഡിയത്തിന്റെ 1% റേഡിയോആക്ടിവിറ്റി നഷ്ടമാകുന്നു.

----------------------------------------------------------------------------------------------------

റേഡിയം(ലാറ്റിൻ-റേഡിയസ്,കിരണം എന്നർത്ഥം) കണ്ടെത്തിയത് മേരി ക്യൂറിയും ഭർത്താവ് പിയറി ക്യൂറിയും ചേർന്നാണ്. 1898ൽ ചെക്ക് റിപ്പബ്ലിക്കിലെ വടക്കൻ ബൊഹീമിയിൽ വച്ചായിരുന്നു അത്. പിച്ച്‌ബ്ലെൻഡിൽനിന്ന് യുറേനിയം നീക്കം ചെയ്ത ശേഷം ബാക്കിയാകുന്ന പദാർഥം റേഡിയോആക്ടീവ് ആണെന്ന് അവർ കണ്ടെത്തി. അതിൽ നിന്ന് ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയം ലഭിച്ചു. 1898 ഡിസംബർ 26ന് ഫ്രെഞ്ച് അക്കാദമി ഓഫ് സയൻസിൽ ക്യൂറി ദമ്പതികൾ തങ്ങളുടെ കണ്ടുപിടിത്തം പ്രഖ്യാപിച്ചു.

ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തത് ക്യൂറിയും ആന്ദ്രെ ലൂയിസ് ഡെബ്രെയിനും ചേർന്നാണ്. 1902ൽ ആയിരുന്നു അത്. റേഡിയം ക്ലോറൈഡിനെ മെർക്കുറി കാഥോഡ് ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം നടത്തി ഹൈഡ്രജൻ വാതകത്തിന്റെ അന്തരീക്ഷത്തിൽ സ്വേദനം നടത്തിയായിരുന്നു ആദ്യമായി ശുദ്ധ റേഡിയം ഉദ്പാദിപ്പിക്കപ്പെട്ടത്.

മുമ്പ് റേഡിയത്തിന്റെ ശോഷണം മൂലമുണ്ടാകുന്ന ഉൽ‌പന്നങ്ങൾ റേഡിയം എ,ബി,സി... എന്ന ക്രമത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്. അവ ഇന്ന് മറ്റ് മൂലകങ്ങളുടെ ഐസോട്ടോപ്പുകളായി അറിയപ്പെടുന്നു. അവ താഴെക്കാണുന്നവയാണ്.

------------------------------------------------------------------------------------------------------
യുറേനിയത്തിന്റെ ഒരു ശോഷക ഉല്പന്നമായതിനാൽ എല്ലാ യുറേനിയം അയിരുകളിലും റേഡിയം കാണപ്പെടുന്നു. കൊളറാഡോയിലെ കാർണൊറ്റൈറ്റ് മണൽ റേഡിയത്തിന്റെ ഒരു സ്രോതസ്സാണ്. എന്നാൽ കോംഗോയിലും കാനഡയിലെ ഗ്രേറ്റ് ലേക്ക് പ്രദേശങ്ങളിലും കൂടുതൽ സമ്പുഷ്ടമായ അയിരുകൾ കണ്ടെത്തിയിട്ടുണ്ട്. യുറേനിയം സംസ്കരണത്തിലെ അവശിഷ്ടങ്ങളിൽ നിന്നും റേഡിയം വേർതിരിച്ചെടുക്കാം. ഒന്റാറിയോ, ന്യൂ മെക്സിക്കോ, ഉറ്റാഹ്, വിർജീന്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് വലിയ യുറേനിയം നിക്ഷേപങ്ങൾ കാണപ്പെടുന്നത്

-----------------------------------------------------------------------------------------------------
റേഡിയം സം‌യുക്തങ്ങൾ തീജ്വാലക്ക് ക്രിംസൺ കാർമൈൻ നിറവും പ്രത്യേകമായ വർണരാജിയും നൽകുന്നു. കുറഞ്ഞ അർദ്ധായുസും ഉയർന്ന റേഡിയോആക്ക്ടിവിറ്റിയും മൂലം റേഡിയം സം‌യുക്തങ്ങൾ വളരെ അപൂർ‌വമാണ്. മിക്കവാറും യുറേനിയം അയിരുകളിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളു. റേഡിയത്തിന്റെ പ്രധാന സം‌യുക്തങ്ങൾ താഴെക്കാണുന്നവയാണ്.

റേഡിയം ഫ്ലൂറൈഡ് (RaF2)
റേഡിയം ക്ലോറൈഡ് (RaCl2)
റേഡിയം ബ്രോമൈഡ് (RaBr2)
റേഡിയം അയൊഡൈഡ് (RaI2)
റേഡിയം ഓക്സൈഡ് (RaO)
റേഡിയം നൈട്രൈഡ് (Ra3N2)
--------------------------------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

The History of the Decline and Fall of the Roman Empire - ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ