ബുധൻ -Mercury
സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ് ബുധൻ 87.969 ദിവസങ്ങൾ കൊണ്ടാണ് ബുധൻ സൂര്യനുചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണ്, അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറവും ഇതിനാണ്. സൂര്യനുചുറ്റും ഏതാണ്ട് രണ്ട് പരിക്രമണം ചെയ്യാനെടുക്കുന്ന സമയം കൊണ്ട് ബുധൻ അതിന്റെ അച്ചുതണ്ടിൽ മൂന്നു തവണ ഭ്രമണം ചെയ്യുന്നു. ദൃശ്യകാന്തിമാനം −2.3 മുതൽ 5.7 വരെയുള്ള നിലയിൽ ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ തിളക്കത്തോടെ കാണപ്പെടുന്ന ഒരു ഗ്രഹമാണ് ബുധൻ. പക്ഷെ സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലം 28.3° ആയതിനാൽ ബുധൻ എളുപ്പത്തിൽ മനുഷ്യന്റെ ദൃഷ്ടിപഥത്തിൽ വരുന്നില്ല. പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രമേ ബുധനെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ, അല്ലാത്ത അവസരങ്ങളിൽ സൂര്യപ്രഭയിൽ മുങ്ങിപ്പോകുന്നതിനാൽ നേരിട്ടുള്ള നിരീക്ഷണം അസാദ്ധ്യമാണ്. സൂര്യഗ്രഹണത്തിന്റെ അവസരങ്ങളിൽ സൗരപ്രഭ കുറയുന്നതിനാൽ ബുധനെ നിരീക്ഷിക്കുക സാധ്യമാണ്. സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ലത്ത ഗ്രഹമാണ് ബുധൻ.
സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ഈ ഗ്രഹത്തെക്കുറിച്ചു ലഭ്യമായിട്ടുള്ളൂ. അതുപോലെതന്നെ കുറച്ചു വിവരങ്ങൾ മാത്രമേ ഭൗമോപരിതലത്തിലെ ദൂരദർശിനികളിൽ നിന്നും വീക്ഷിക്കുമ്പോൾ ലഭ്യമാകുന്നുള്ളൂ. ആദ്യമായി ബുധനെ നിരീക്ഷിച്ച ബഹിരാകാശപേടകം മാരിനർ 10 ആണ്, 1974 മുതൽ 1976 വരെയുള്ള കാലയളവിൽ മാരിനർ 10 ബുധനെ സമീപിച്ച് പഠനങ്ങൾ നടത്തുകയും ഈ ഗ്രഹത്തിന്റെ 45 ശതമാനത്തോളം ഭാഗങ്ങൾ മാത്രം പകർത്തുകയും ചെയ്തു. രണ്ടാമതായി ബുധനെ നിരീക്ഷിച്ചത് മെസെഞ്ചർ ബഹിരാകാശപേടകമാണ്, 2008 ജനുവരി 14 ൽ നടത്തിയ നിരീക്ഷണത്തിൽ ബാക്കിയുള്ളതിൽ ഏതാണ്ട് 30 ശതമാനം ഭാഗങ്ങൾക്കൂടി പകർത്തുവാൻ സാധിച്ചു. 2009 സെപ്റ്റംബറിലാണ് മെസെഞ്ചർ അവസാനമായി ബുധനെ നിരീക്ഷിച്ചത്. മെസെഞ്ചറുപയോഗിച്ച് 2011 ൽ ബുധനു ചുറ്റും പ്രദക്ഷിണം ചെയ്ത് നിരീക്ഷിക്കുവാൻ പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുണ്ട്.
ബുധന്റെ ഉപരിതലം ഉൽക്കാ പതനം മൂലമുള്ള നിരവധി ഗർത്തങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഭൗതികമായി ചന്ദ്രനോടാണ് ബുധനു കൂടുതൽ സാദൃശ്യം. നിരപ്പായ സമതലങ്ങളും ബുധനിൽ കാണപ്പെടുന്നു. ചന്ദ്രനിൽ നിന്നും വ്യത്യസ്തമായി ബുധന് വലിയ ഇരുമ്പിന്റെ കാമ്പ് ഉണ്ട്, ഇത് ആ ഗ്രഹത്തിനു ഭൂമിയുടെ 1% വരുന്ന ഒരു കാന്തികക്ഷേത്രം സമ്മാനിക്കുന്നു. താരതമ്യേന വലിപ്പമുള്ള കാമ്പുള്ളതിനാൽത്തന്നെ സാന്ദ്രത കൂടിയ ഗ്രഹമാണ് ബുധൻ. ഗ്രഹത്തിന്റെ ഉപരിതല താപനില -180 മുതൽ +430 വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും താപനില കൂടിയ ഭാഗം സൂര്യന് അഭിമുഖമായ ഭാഗവും താപനില കുറഞ്ഞത് ധ്രുവങ്ങൾക്കടുത്തുള്ള ഗർത്തങ്ങളുടെ അടിത്തട്ടുമാണ്.
ഭാരതീയർ ഈ ഗ്രഹത്തിനു ചന്ദ്രന്റെ പുത്രനായ ബുധന്റെ പേരാണ് കൊടുത്തിരിക്കുന്നത്. റോമാക്കാർ വാണിജ്യ-വാഗ് ദേവനായ മെർക്കുറിയുടെ പേരും. ഇതാണ് ഇംഗ്ലീഷുകാരും പിന്തുടരുന്നത്. ബി.സി. അഞ്ചാം നൂറ്റാണ്ടിനു മുൻപ് ഗ്രീക്കുകാർ ഈ ഗ്രഹത്തെ രണ്ടു വ്യത്യസ്ത ഖഗോള വസ്തുക്കളായാണ് കരുതിയത്. സൂര്യോദയ സമയത്തു മാത്രം ദൃശ്യമാകുന്ന ഒന്നായും സൂര്യാസ്തമയ സമയത്തു മാത്രം ദൃശ്യമാകുന്ന ഒന്നായും. സൂര്യോദയ സമയത്ത് ദൃശ്യമാകുന്നതിനെ അവർ അപ്പോളോ എന്നും സൂര്യാസ്തമന സമയത്ത് ദൃശ്യമാകുന്നതിനെ ഹെർമീസ് എന്നും വിളിച്ചിരുന്നു. ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജല നക്ഷത്രം (ജലം അഞ്ച് മൂലകങ്ങളിൽ ഒന്നായിരുന്നല്ലോ) എന്നായിരുന്നു ഈ ഗ്രഹം അറിയപ്പെട്ടിരുന്നത്. എബ്രായർ ഇതിനെ Kokhav Hamah (כוכב חמה -hebrew language) (ചൂടുള്ളതിന്റെ നക്ഷത്രം; ഇവിടെ ചൂടുള്ളത് സൂര്യൻ) എന്നായിരുന്നു വിളിച്ചിരുന്നത്
സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളിൽ ഒന്നായ ബുധൻ, ഭൂമിയുടേതുപോലെ പാറകളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ മധ്യരേഖാ വ്യാസാർദ്ധം 2,439.7 കി.മീ ആണ്. സൗരയൂഥത്തിലെ വലിപ്പം കൂടിയ ഉപഗ്രഹങ്ങളായ ഗാനിമീഡ്, ടൈറ്റൻ എന്നിവയേക്കാളും ചെറുതാണ് ബുധൻ, എങ്കിലും അവയേക്കാൾ പിണ്ഡം ഈ ഗ്രഹത്തിനുണ്ട്. ഏതാണ്ട് 70 ശതമാനം ലോഹസംയുക്തങ്ങളും 30 ശതമാനം സിലിക്കേറ്റുകളും അടങ്ങിയതാണ് ബുധൻ. സൗരയൂഥ വസ്തുക്കളിൽ ഭൂമിക്കുശേഷം രണ്ടാമതായി ഏറ്റവും സാന്ദ്രത ബുധനാണ്, 5.427 g/cm³ ആണ് ബുധന്റെ സാന്ദ്രത ഇത് ഭൂമിയുടെ സാന്ദ്രതയായ 5.515 g/cm³ ൽ നിന്ന് അല്പം മാത്രമേ കുറയുന്നുള്ളൂ. ഗുരുത്വപരമായ സമ്മർദ്ദത്തിന്റെ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ ബുധൻ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥങ്ങളുടെ സാന്ദ്രത ഉയർന്നതാണെന്നു അനുമാനിക്കപ്പെടുന്നു.
ബുധന്റെ ഉയർന്ന സാന്ദ്രത അതിന്റെ ആന്തരിക ഘടനയെക്കുറിച്ച് പഠിക്കാൻ സഹായകമാണ്. ഭൂമിയുടെ ഉയർന്ന സാന്ദ്രതയുടെ ഒരു പങ്ക് അതിന്റെ കാമ്പിന്റെ (core) ഞെരുങ്ങൽ മൂലമാണ്. പക്ഷെ ബുധൻ ചെറിയ ഗ്രഹം ആയതിനാൽ അതിന്റെ ആന്തരിക ഭാഗങ്ങൾ അത്ര അധികം ഞെരുങ്ങിയിട്ടില്ല. അതിനാൽതന്നെ അതിന്റെ കാമ്പ് ആപേക്ഷികമായി വലുതും കാമ്പിലെ ഇരുമ്പിന്റെ തോത് കൂടുതലായതുമായിരിക്കാം ഇത്രയധികം സാന്ദ്രത ഉണ്ടാകുവാനുള്ള കാരണം.
1. Crust—100–300 km കട്ടി
2. Mantle—600 km കട്ടി
3. Core—1,800 km വ്യാസാർദ്ധം
ഭൗമശാസ്ത്രജ്ഞർ ബുധന്റെ കാമ്പ് അതിന്റെ മൊത്തം വ്യാപ്തത്തിന്റെ 42% വരും (ഭൂമിയുടേത് 17 ശതമാനമേ വരൂ) എന്നു കണക്കുകൂട്ടുന്നു. കാമ്പിന്റെ വ്യാസം 1800 km ആണ്. ബുധന്റെ കാമ്പ് ഉയർന്ന ഊഷ്മാവിനാൽ ഉരുകി ദ്രാവകാവസ്ഥയിലാണ് എന്നാണ് അടുത്ത് നടത്തിയ നിരീക്ഷണങ്ങൾ വഴി മനസ്സിലാക്കാൻ സാധിക്കുന്നത്.കാമ്പിനെ ചുറ്റി 500-700 കി.മീ കട്ടിയുള്ള ഉള്ള സിലിക്കേറ്റുകൾ അടങ്ങിയ ബാഹ്യാവരണം (mantle) ബുധനുണ്ട്. മാരിനർ 10 ബഹിരാകാശപേടകത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും ഭൂമിയിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലും ബുധന്റെ പുറന്തോടിനു (crust) ഏതാണ്ട് 100–300 km കട്ടി ഉണ്ട് എന്നു മനസ്സിലാക്കിയിട്ടുണ്ട്.ബുധഗ്രഹത്തിന്റെ ആദ്യകാലത്ത് നൂറുകണക്കിനു കിലോമീറ്റർ വ്യാസമുള്ള ഒരു സൗരയൂഥ വസ്തുവുമായുള്ള കൂട്ടിയിടി മൂലം അതിന്റെ ബഹിരാവരണത്തിലെ ഒരു സിംഹഭാഗം അതിൽ നിന്നു അടർന്നു പോയി എന്നും അതിനാലാണ് ബുധനു കാമ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഒരു ബഹിരാവരണം ഉള്ളത് എന്നും ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. നൂറുകണക്കിനു കിലോമീറ്റർ നീണ്ടുകിടക്കുന്ന ഭ്രംശതാഴ്വരകളാണ് ബുധന്റെ ഉപരിതലത്തിലെ മറ്റൊരു പ്രത്യേകത. നേരത്തേ സാന്ദ്രീകൃതമായ പുറന്തോടിനു ശേഷം കാമ്പും ബഹിരാവരണവും തണുത്ത് സങ്കോചിച്ചപ്പോഴാണ് ഈ ഭ്രംശമേഖലകൾ രൂപപ്പെട്ടതെന്നു കരുതുന്നു.
സൗരയൂഥത്തിലെ മറ്റേതു ഗ്രഹത്തേക്കാളും കാമ്പിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഗ്രഹമാണ് ബുധൻ. ഇതു വിശദീകരിക്കാൻ പല സിദ്ധാന്തങ്ങളും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം താഴെ പറയുന്നതാണ്. ബുധന് ആദ്യം ഇന്നത്തേതിന്റെ 2.5 ഇരട്ടി ദ്രവ്യമാനം ഉണ്ടായിരുന്നു. മാത്രമല്ല അതിന്റെ ലോഹ-അലോഹ അനുപാതം സാധാരണ ഗ്രഹങ്ങളിൽ ഉള്ളതു പോലെ ആയിരുന്നു.പക്ഷെ സൗരയൂഥത്തിന്റെ രൂപവത്കരണ ഘട്ടത്തിൽ ബുധന്റെ ആറിൽ ഒന്നു ദ്രവ്യമാനമുള്ള ഒരു പ്രാഗ് ഗ്രഹം ബുധനുമായി കൂട്ടിയിടിച്ചു. ഈ കൂട്ടിയിടി ബുധന്റെ പുറന്തോടിന്റേയും ബഹിരാവരണത്തിന്റേയും സിംഹഭാഗത്തേയും അതിൽ നിന്നു തെറിപ്പിച്ചു കളഞ്ഞ് നല്ലൊരു ഭാഗം കാമ്പുള്ള അവസ്ഥയിൽ അവശേഷിപ്പിച്ചു. ഇതിനു സമാനമായ ഒരു സിദ്ധാന്തമാണ് ചന്ദ്രന്റെ ഉദ്ഭവം വിശദീകരിക്കാനും മുന്നോട്ടുവയ്ക്കപ്പെട്ടിരിക്കുന്നതും.
വേറൊരു സിദ്ധാന്ത പ്രകാരം സൂര്യന്റെ ഊർജ്ജപ്രക്രിയ സ്ഥിരമാകുന്നതിനു മുൻപ് സൗര നെബുലയിൽ നിന്നാണ് ബുധൻ ജനിക്കുന്നത്. ഇതു പ്രകാരം ഈ ഗ്രഹത്തിനു ഇന്നുള്ളതിന്റെ ഇരട്ടി പിണ്ഡം ഉണ്ടായിരുന്നു. പക്ഷെ പ്രാഗ് നക്ഷത്രം സങ്കോചിച്ചപ്പോൾ ബുധനു സമീപമുള്ള താപനില 10,000 K വരെ ഉയർന്നിരിക്കാം. ഇത്രയും ഉയർന്ന താപനില ബുധന്റെ ഉപരിതലത്തിലെ പാറകളേയും മറ്റും ബാഷ്പീകരിച്ചു കളയുകയും ഈ ബാഷ്പങ്ങളെ സൗരക്കാറ്റ് വഴി വഹിച്ചു കൊണ്ടുപോയിരിക്കുകയുമാവാം സംഭവിച്ചത്.
മൂന്നാമത്തെ സിദ്ധാന്ത പ്രകാരം ബുധന്റെ രൂപവത്കരണസമയത്ത് അടിഞ്ഞുകൂടുന്ന പദാർത്ഥങ്ങളുടെ മേൽ സമയത്ത് സൗരനീഹാരികയുടെ വലിവാണ് ചെറിയ മൂലകങ്ങളെ ബുധനിൽ നിന്നു നഷടപ്പെടുത്തിയത്. മുകളിൽ പറഞ്ഞ എല്ലാ സിദ്ധാന്തങ്ങളും പലതരത്തിലുള്ള ഉപരിതല രാസസംയോഗം ആണ് പ്രവചിക്കുന്നത്. നിലവിൽ വിക്ഷേപിക്കപ്പെട്ട ബഹിരാകാശ പഠന വാഹനമായ മെസെഞ്ചറും (MESSENGER) വിക്ഷേപിക്കുവാൻ ഉദ്ദേശിക്കുന്ന ബെപികൊളംബോയും (BepiColombo) നിരീക്ഷണങ്ങൾ നടത്തുവാനും ഈ സിദ്ധാന്തങ്ങളെ പരീക്ഷിച്ചറിയുവാനും നമ്മളെ സഹായിക്കും
ചന്ദ്രന്റെ ഉപരിതലത്തിനു സമാനമായതാണ് ബുധന്റെ ഉപരിതലം. ചന്ദ്രനിലേതുപോലെ ബുധന്റെ ഉപരിതലത്തിലും കറുത്തപാടുകളും വലിയ ഗർത്തങ്ങളും കാണപ്പെടുന്നുണ്ട്. ഇതു സൂചിപ്പിക്കുന്നത് ഭൗമശാസ്ത്രപരമായി ബുധന്റെ ഉപരിതലം ബില്യൺ കണക്കിനു വർഷങ്ങളായി നിർജ്ജീവാവസ്ഥയിലാണ് എന്നാണ്. 1975 ൽ മരിനർ ബഹിരാകാശപേടകം ശേഖരിച്ചവയാണ് ബുധനെക്കുറിച്ച് ലഭ്യമായിട്ടുള്ള പ്രധാന വിവരങ്ങൾ, സൗരയൂഥ ഗ്രഹങ്ങളിൽ ഏറ്റവും കുറച്ച് വിവരങ്ങൾ മാത്രം ലഭ്യമുള്ളത് ഈ ഗ്രഹത്തെക്കുറിച്ചാണ്. അടുത്തകാലത്ത് മെസെഞ്ചർ പേടകം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യുന്നതുവഴി ബുധനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന് വികിരണങ്ങൾ പുറപ്പെടുവിക്കുന്ന ഒരു അസാധാരണ ഗർത്തം ഉപരിതലത്തിലുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്, "ചിലന്തി" ("the spider") എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത്.
ബുധന്റെ വിവിധ ഭാഗങ്ങളുടെ പ്രകാശം പ്രതിഫലിപ്പിക്കാനുള്ള ശേഷി (ആൽബിഡോ) വളരെ വ്യത്യസ്തമാണ്. ആൽബിഡോയും ദൂരദർശിനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും ഉപയോഗിച്ച് ബുധോപരിതലത്തിൽ ഡോർസ (Dorsa), മോണ്ടെസ് (Montes), പ്ലാന്റിഷ്യേ (Planitiae), റൂപെസ് (Rupes), വാലെസ് (Valles) എന്നീ വ്യത്യസ്ത ഭാഗങ്ങളുള്ളതായി കണ്ടെത്തിയിരിക്കുന്നു
ബുധൻ രൂപീകൃതമാകുന്ന സമയത്തോ അതിനു തൊട്ടു ശേഷമോ (ഏതാണ്ട് 460 കോടി വർഷം മുൻപ്) ആ ഗ്രഹത്തിൽ ഉൽക്കകളും വാൽനക്ഷത്രങ്ങളും ധാരാളമായി വന്നിടിച്ചിരുന്നു. 380 കോടി വർഷം മുൻപാണ് ഇതിനൊരു അന്ത്യമുണ്ടായത്. തടുക്കുവാൻ അന്തരീക്ഷം ഇല്ലാത്തതിന്റെ ഫലമായി ഈ കാലയളവിൽ ഇങ്ങനെ വ്യാപകമായി ഉണ്ടായ ഈ കൂട്ടിയിടികൾ മൂലം ഗ്രഹത്തിന്റെ ഉപരിതലത്തിലെല്ലായിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടു. ആ കാലഘട്ടത്തിൽ ഗ്രഹത്തിലെ അഗ്നിപർവ്വതങ്ങൾ സജീവമായിരുന്നു. കാളോറിസ് ബേസിൻ തുടങ്ങിയ തടങ്ങളിൽ ഗ്രഹത്തിന്റെ അന്തർഭാഗത്തുനിന്നുള്ള മാഗ്മയാൽ നിറയുകയായിരുന്നു. ഇത് ചന്ദ്രന്റെ മരിയകളെ പോലെ നിരപ്പായ തടങ്ങൾ ബുധനിൽ സൃഷ്ടിച്ചു.ബുധോപരിതലത്തിലുള്ള ഗർത്തങ്ങളുടെ വ്യാസം ഏതാനും മീറ്റർ മുതൽ നൂറുകണക്കിനു കിലോമീറ്റർ വരെയാണ്. 1300 കി.മീ. വ്യാസം ഉള്ള കളോരിസ് ബേസിൻ ആണ് ഇതിൽ ഏറ്റവും വലിയത്. കളോരിസ് ബേസിൻ ഉണ്ടാക്കിയ കൂട്ടിയിടി വളരെയധികം തീവ്രമായിരുന്നു.
2008 ഒക്ടോബറിൽ മെസഞ്ചർ ബഹിരാകാശപേടകം നടത്തിയ നിരീക്ഷണങ്ങൾ വഴിയുള്ള ഗവേഷണങ്ങൾ വഴി ഗ്രഹത്തിന്റെ പരുക്കൻ ഉപരിതലത്തെക്കുറിച്ചുള്ള കുറേയേറെ വിവരങ്ങൾ ഗവേഷകർക്ക് ലഭിക്കുകയുണ്ടായി.ചൊവ്വ ഗ്രഹത്തേക്കാളും ചന്ദ്രനേക്കാളും വൈവിധ്യമാർന്നതാണ് ബുധന്റെ ഉപരിതലം, ചൊവ്വയിലും ചന്ദ്രനിലും സമാനമായ ഗർത്തങ്ങളും ഗർത്തതടങ്ങളും ഉണ്ട്.
ചെറിയ കുഴിപോലെയുള്ളതു മുതൽ നൂറുകണക്കിന് കിലോമീറ്റർ വിസ്താരം വരെയുള്ള നിരവധി ഗർത്തങ്ങൾ ബുധനിലുണ്ട്. അടുത്തിടെ രൂപം കൊണ്ടതും വളരെ പുരാതനമായതുമടക്കം എല്ലാത്തരം പഴക്കത്തിലുള്ള ഗർത്തങ്ങൾ ഈ ഗ്രഹത്തിലുണ്ട്. ചാന്ദ്രഗർത്തങ്ങളുമായി ചെറിയ വ്യത്യാസങ്ങൾ ബുധഗർത്തങ്ങൾക്കുണ്ട്, ഇതിലെ ഗർത്തങ്ങൾ വ്യപിക്കപ്പെട്ടിരിക്കുന്ന മേഖല ഗ്രഹത്തിന്റെ ശക്തമായ ഉപരിതല ഗുരുത്വ ഫലമായി ആപേക്ഷികമായി ചെറുതാണ്.
1,500 കിലോമീറ്റർ വ്യാസമുള്ള കലോറിസ് തടം (Caloris Basin),പുറം വളയത്തിന് 2,300 കി.മീ. വ്യാസമുള്ള സ്കിനെയ്കസ് തടം (Skinakas Basin) എന്നിവയാണ് ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഗർത്തങ്ങൾ. കലോറിസ് തടം സൃഷ്ടിക്കപ്പെടുവാൻ കാരണമായ കൂട്ടിയിടി വളരെയധികം ശക്തമായിരുന്നു, കൂട്ടിയിടിയിൽ ലാവാ പ്രവാഹം ഉണ്ടാവുകയും സൃഷ്ടിക്കപ്പെട്ട ഗർത്തത്തിനു ചുറ്റും 2 കിലോമീറ്ററിൽ കൂടുതൽ ഉയരമുള്ള ഏകകേന്ദ്ര വളയം രൂപപ്പെടുവാനും കാരണമായി. ഗ്രഹത്തിൽ കലോറിസ് തടത്തിന്റെ വിപരീത വശത്ത് "വിചിത്ര മേഖല" എന്നറിയപ്പെടുന്ന കുന്നുകളോടുകൂടിയ ഒരു മേഖലയുണ്ട്. കലോറിസ് ഗർത്ത രൂപവത്കരണ സമയത്ത് സൃഷ്ടിക്കപ്പെട്ട ആഘാത തരംഗങ്ങൾ ഗ്രഹത്തിനന്തർഭാഗത്തുകൂടി സഞ്ചരിച്ച് വിപരീത വശത്ത് കേന്ദ്രീകരിക്കപ്പെടുകയും അതുമൂലമുണ്ടായ സമ്മർദ്ദങ്ങൾ കാരണം ആ മേഖല സൃഷ്ടിക്കപ്പെട്ടു എന്നാണ് ഒരു അനുമാനം. മുന്നോട്ടു വയ്ക്കപ്പെട്ടിരിക്കുന്ന മറ്റൊരു അനുമാനമനുസരിച്ച് ആ മേഖല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഗർത്തരൂപവത്കരണം വഴിയുണ്ടായ പുറം തള്ളലുകൾ വിപരീതവശത്ത് കേന്ദ്രീകരിക്കുക വഴിയാണ് അത് രൂപപ്പെട്ടിരിക്കുന്നത്.
ബുധന്റെ പകർത്തപ്പെട്ട ഭാഗങ്ങളിൽ ആകെ 15 ഗർത്തതടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ശ്രദ്ധേയമായത് ഒന്നിലധികം വളയങ്ങളോടുകൂടിയ 400 കി.മീ. വിസ്താരമുള്ള ടോൾസ്റ്റോജ് തടമാണ്, ഇതിന്റെ വക്കിൽ നിന്നും 500 കി.മീ. അകലെ വരെ പുരത്തേക്ക് വ്യാപിച്ചുകിടക്കുന്നതായ് പുറംതള്ളപ്പെട്ട പുതപ്പും ഉണ്ട്. തടത്തിന്റെ അകം മിനുത്ത പദാർത്ഥങ്ങൾകൊണ്ട് നിറഞ്ഞ് നിരപ്പായ അവസ്ഥയിലാണ്. ഇതേപോലെ പുറംതള്ളപ്പെട്ടു കിടക്കുന്ന പുതപ്പോടുകൂടിയതാണ് ബീഥോവൻ തടവും, ഈ തടത്തിന് 625 കി.മീ. വ്യാസമുള്ള വളയമുണ്ട്. ചന്ദ്രന്റെ ഉപരിതലത്തെ പോലെ ബുധന്റെ ഉപരിതലവും സൗരക്കാറ്റ്, സൂക്ഷ്മ ഉൽക്കാവർഷം തുടങ്ങിയ ബഹിരാകാശ പ്രതിഭാസങ്ങളുടെ പ്രക്രിയകൾക്ക് വിധേയമായിട്ടുണ്ടാകാം.
സമതലങ്ങൾ
ഉപരിതലത്തിലെ വ്യത്യസ്ത വലിപ്പത്തിലുള്ള നിമ്‌നഭാഗങ്ങളിൽ പദാർത്ഥങ്ങൾ നിറഞ്ഞുണ്ടായ വ്യാപകമായി കാണപ്പെടുന്ന നിരപ്പായ ഭാഗങ്ങളാണ് ഒഴുക്കൻ സമതലങ്ങൾ . ഇതിൽ ശ്രദ്ധേയമാണ് കലോറിസ് തടത്തിന്റെ വളയത്തിനകം നിറഞ്ഞുണ്ടായ ഭാഗം. ചന്ദ്രനിലെ മരിയകളിൽ നിന്നും വ്യത്യസ്തമായി ഇത്തരം ഒഴുക്കൻ സമതല മേഖലകൾക്ക് ഗർത്തങ്ങൾക്കിടയിലുള്ള ഭാഗങ്ങളുടെ അതേ ആൽബിഡോ (സൂര്യനിൽ നിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സ്വഭാവം) തന്നെയാണ് കാണപ്പെടുന്നത്. അഗ്നിപർവ്വത പ്രക്രിയകളൊന്നും കാണപ്പെടുന്നില്ലെങ്കിലും ഇത്തരം ഭാഗങ്ങൾ അഗ്നിപർവ്വത പ്രവർത്തനങ്ങൾക്ക് ശക്തമായ ഹേതുവാകുന്ന തരത്തിലുള്ളവയാണ്.കലോറിസ് തടത്തിൽ പുറംതള്ളപ്പെട്ട ഭാഗങ്ങളിൽ കാണപ്പെടുന്ന ഉൽക്കാവർഷങ്ങളുടെ അളവ് അത്തരം ഭാഗങ്ങളിൽ കുറഞ്ഞ രീതിയിൽ കാണപ്പെടുന്നതിനാൽ ഇത്തരത്തിൽ ബുധനിലുള്ള ഒഴുക്കൻ സമതലങ്ങളിൽ ഏറിയ പങ്കും കലോറിസ് തടത്തിനു ശേഷം സൃഷ്ടിക്കപ്പെട്ടവയാണ് എന്നു കരുതുന്നു.ഭൗമശാസ്ത്രപരമായി മറ്റുഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി കലോറിസ് തടത്തിന്റെ തറഭാഗം നിരപ്പായ സമതലമാണ്, ഇതിൽ ഇടക്ക് ബഹുഭുജങ്ങളുടെ ആകൃതിയിൽ തിട്ടകളാലും അപഭംഗങ്ങളാലുമുള്ള രൂപങ്ങളുണ്ട്. ഉൽക്കാപതനത്തോടെ സൃഷ്ടിക്കപ്പെട്ട അഗ്നിപർവ്വത ലാവകളാലാണോ അതോ ഉൽക്കാവർഷത്തോടൊപ്പമുള്ള പദാർത്ഥങ്ങൾ പതിച്ച് ആ ഭാഗം സൃഷ്ടിക്കപ്പെട്ടത് എന്ന് വ്യക്തമല്ല.ഭൗമശാസ്ത്രപരമായി രണ്ട് വ്യത്യസ്ത തരത്തിൽപ്പെട്ട സമതല മേഖലകൾ ബുധനിലുണ്ട്.[33][39] ഗർത്തങ്ങൾക്കിടയിൽ കുന്നുകളോടുകൂടിയതും നിരപ്പുള്ളതുമായ മേഖല, ഇത്തരം മേഖല ബുധന്റെ ഉപരിതലത്തിന്റെ ഏറ്റവും പഴക്കമുള്ള ഭാഗങ്ങളാണ്, മറ്റൊന്ന് വളരെയധികം ഗർത്തങ്ങളാൽ നിറഞ്ഞ മേഖലകളാണ്. ഗർത്തങ്ങൾക്കിടയിലുള്ള മേഖല ആദ്യകാല ഗർത്തങ്ങളാൽ പൂർണ്ണനശീകരണത്തിനു വിധേയമായി കാണപ്പെടുന്നു, ഇവിടങ്ങളിൽ കുറഞ്ഞ അളവിൽ 30 കി.മീറ്ററിൽ താഴെ വ്യാസമുള്ള ഗർത്തങ്ങൾ കണ്ടുവരുന്നു. അവ അഗ്നിപർവ്വത പ്രവർത്തനങ്ങളാൽ രൂപപ്പെട്ടതാണോ അതോ ഉൽക്കാവർഷങ്ങളാൽ രൂപപ്പെട്ടതാണോ എന്ന് വ്യക്തമല്ല. ഇത്തരം മേഖലകൾ ഗ്രഹത്തിന്റെ ഉപരിതലം മുഴുവൻ ഏകതാനമായി വ്യാപിച്ചുകിടക്കുന്നു.
ഉപരിതലത്തിന്റെ മറ്റൊരു പ്രത്യേകതയാണ് സമതലങ്ങൾക്ക് തലങ്ങനേയും വിലങ്ങനേയും കാണപ്പെടുന്ന സമ്മർദ്ദഫലമായുണ്ടായ മടക്കുകൾ. ഗ്രഹത്തിന്റെ ആന്തരഭാഗം തണുത്ത് സങ്കോചിച്ചപ്പോൾ ഉപരിതലം ചുരുങ്ങുകയും ഇത്തരത്തിൽ മടക്കുകൾ രൂപപ്പെടുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. ഉൽക്കാ പതനഫലമായുണ്ടായ ഗർത്തങ്ങൾ പോലെയുള്ള മറ്റ് സവിശേഷ മേഖലകൾക്ക് മീതേയും ഇത്തരം മടക്കുകൾ കാണപ്പെടുന്നു, ഇത് സൂചിപ്പിക്കുന്നത് അവ അടുത്ത കാലയളവിൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നാണ്. ബുധന്റെ ഉപരിതലത്തെ സൂര്യന്റെ വലിവുബലം സ്വാധീനിക്കുകയും അതിന് ആകൃതിഭ്രംശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്, സൂര്യൻ ബുധന്റെ മേൽ ചെലുത്തുന്ന വലിവുബലം ചന്ദ്രൻ ഭൂമിയുടെ മേൽ ചെലുത്തുന്ന വലിവുബലത്തേക്കാൾ പതിനേഴ് മടങ്ങ് ശക്തമാണ്.
ഉപരിതല അവസ്ഥയും ബുധോപരിതലത്തിലെ ശരാശരി താപനില 442.5 കെൽവിൻ ആണ്. എങ്കിലും ഉപരിതലതാപനില വിവിധ ഭാഗങ്ങളിൽ 100 മുതൽ 700 കെൽവിൻ വരെയാണ്. അന്തരീക്ഷമില്ലാത്തതും മധ്യരേഖാപ്രദേശത്തെ ഊഷ്മാവും ധ്രുവങ്ങളിലെ ഊഷ്മാവും തമ്മിൽ വലിയ വ്യത്യാസമുള്ളതുമാണ് ഇതിന് കാരണം. സൂര്യരശ്മികൾ ലംബമായി പതിക്കുന്നിടത്തെ താപനില ഉപസൗരത്തിൽ 700 കെൽവിനും അപസൗരത്തിൽ 550 കെൽവിനുമാണ്. സൂര്യൻ ദൃശ്യമാകാത്ത ഭാഗത്തെ ശരാശരി താപനില 110 കെൽവിൻ ആണ്. ബുധോപരിതലത്തിലെത്തുന്ന സൂര്യപ്രകാശതീവ്രത സൗരസ്ഥിരാങ്കത്തിന്റെ 4.59 ഇരട്ടി മുതൽ 10.61 ഇരട്ടി വരെയാണ്.
ഉപരിതലതാപനില വളരെക്കൂടുതലാണെങ്കിലും ബുധനിൽ ജലം ഖരാവസ്ഥയിൽ കാണപ്പെടുന്നുണ്ടെന്ന് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ധ്രുവപ്രദേശത്തെ ഗർത്തങ്ങളുടെ അടിഭാഗത്ത് സൂര്യപ്രകാശമെത്താറേയില്ല. അവിടെ എക്കാലവും ഊഷ്മാവ് 102 കെൽവിനിലും താഴെയായിരിക്കും. ഖരരൂപത്തിലുള്ള ജലം റഡാർ കിരണങ്ങളെ ശക്തിയായി പ്രതിഫലിപ്പിക്കുന്നു. ഗോൾഡ്സ്റ്റോൺ ദൂരദർശിനി, വി.എൽ.എ എന്നിവ ചേർന്ന് 1990-കളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് റഡാർ കിരണങ്ങളെ ശക്തിയായി പ്രതിഫലിപ്പിക്കുന്ന ഭാഗങ്ങൾ ധ്രുവപ്രദേശങ്ങളിലുണ്ടെന്ന് മനസ്സിലായി. ഇത്തരം ഉയർന്ന പ്രതിഫലനത്തിന് ഐസ് മാത്രമല്ല കാരണമാകുന്നത് എങ്കിലും അതിനാണ് കൂടുതൽ സാധ്യത എന്നാണ് ജ്യോതിശാസ്ത്രജ്ഞർ കരുതുന്നത്
1014–1015 കിലോഗ്രാം ഐസ് ബുധനിൽ ഉണ്ടെന്ന് കരുതപ്പെടുന്നു. ഇത് റെഗോലിത്തിന്റെ ഒരു പാളിയാൽ ആവരണം ചെയ്യപ്പെട്ടതും അതിനാൽ ഉത്പതനം തടയപ്പെട്ടതുമായേക്കാം. ബുധനിൽ ഐസിന്റെ ഉദ്ഭവം എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. ഉൾഭാഗത്തുനിന്ന് വാതകങ്ങൾ പുറന്തള്ളപ്പെടുന്നതോ ധൂമകേതുക്കളുടെ പതനമോ ആകാം ജലസ്രോതസ്സ്.
ബുധന്റെ ഗുരുത്വാകർഷണബലത്തിന് ശക്തി കുറവായതിനാൽ വാതകങ്ങളെ പിടിച്ചുനിർത്താൻ കഴിവുള്ള ഒരു അന്തരീക്ഷം ബുധനിലില്ല. എങ്കിലും ബുധനിൽ ഒരു സർഫസ്-ബൗണ്ടഡ് എക്സോസ്ഫിയർ ഉണ്ട്. ഹൈഡ്രജൻ, ഹീലിയം, ഓക്സിജൻ, സോഡിയം, പൊട്ടാഷ്യം, കാൽഷ്യം എന്നിവയാണ് പ്രധാന ഘടകങ്ങൾ. എങ്കിലും ഈ എക്സോസ്ഫിയർ സ്ഥിരമല്ല. നിരന്തരം ആറ്റങ്ങൾ നഷ്ടപ്പെടുകയും പുതുതായി വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. സൗരവാതം ബുധന്റെ മാഗ്നെറ്റോസ്ഫിയറിലേക്ക് ഡിഫ്യൂഷൻ നടക്കുന്നതാണ് ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും പ്രധാന സ്രോതസ്സ്. ഇവ പിന്നീട് ബഹിരാകാശത്തേക്ക് നഷ്ടപ്പെടുന്നു. പുറന്തോടിൽ നടക്കുന്ന റേഡിയോആക്റ്റീവ് ക്ഷയം സോഡിയം, പൊട്ടാഷ്യം, ഹീലിയം എന്നിവയും പുറത്തുവിടുന്നു. കാൽഷ്യം, ഹീലിയം, ഹൈഡ്രോക്സൈഡ്, മഗ്നീഷ്യം, ഓക്സിജൻ, പൊട്ടാഷ്യം, സിലിക്കൺ, സോഡിയം എന്നിവ ഉയർന്ന അളവിൽ ഉള്ളതായി മെസ്സഞ്ചർ വാഹനം കണ്ടെത്തി. ധൂമകേതുക്കളുടെ കൂട്ടിയിടി, സ്പട്ടറിംഗ്, ഉത്പതനം മുതലായവ മൂലം നീരാവിയും എക്സോസ്ഫിയറിലുണ്ട്. O+, OH-, and H2O+ എന്നീ അയോണുകളുടെ കണ്ടെത്തൽ ശാസ്ത്രജ്ഞന്മാർക്ക് അത്ഭുതമായിരുന്നു. ബുധോപരിതലത്തിൽ നിന്നോ എക്സോസ്ഫിയറിൽ നിന്നോ സൗരവാതത്തിന്റെ പ്രവർത്തനം മൂലമാകാം ഇവ പുറപ്പെട്ടത് എന്നാണ് കരുതുന്നത്.
സോഡിയം, പൊട്ടസ്യം എന്നിവ അന്തരീക്ഷത്തിലുണ്ടെന്ന് മനസ്സിലായത് 1980-കളിലാണ്. ചെറിയ ഉൽക്കകളുമായുള്ള കൂട്ടിയിടി മൂലം ഉപരിതലത്തിലെ പാറകൾ ബാഷ്പീകരിക്കപ്പെടുന്നതുവഴിയാകാം ഇവ അന്തരീക്ഷത്തിലെത്തുന്നത്. സൂര്യപ്രകാശം ഡിഫ്യൂസ് ചെയ്യാനുള്ള ഇവയുടെ കഴിവ് മൂലം ഭൂമിയിലെ നിരീക്ഷകർക്ക് എളുപ്പത്തിൽ അവയുടെ അളവ് നിശ്ചയിക്കാനാകും. സോഡിയം വികിരണം ചില സമയത്ത് ബുധന്റെ കാന്തികധ്രുവങ്ങളിലേക്ക് ചുരുങ്ങിയതായി കാണപ്പെടാറുണ്ട്. മാഗ്നെറ്റോസ്ഫിയറും ബുധോപരിതലവും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്
ഇരുമ്പിനാൽ സമ്പുഷ്ടമായ ദ്രാവക കാമ്പിന്റെ കറക്കത്തിന്റെ ഫലമായിരിക്കും ഈ ഡൈനാമോ പ്രതിഭാസം. പ്രത്യേകിച്ച് ഗ്രഹത്തിന്റെ ഉയർന്ന വികേന്ദ്രതയുള്ള (eccentricity) പരിക്രമണപഥത്തിനാൽ ഉളവാകപ്പെടുന്ന വലിവു പ്രതിഭാസങ്ങൾ ദ്രാവക കാമ്പിന്റെ ഈ ഡൈനാമോ പ്രതിഭാസം നിലനിർത്തുവാൻ സഹായിക്കുന്നുണ്ടാകണം.ചെറിയ വലിപ്പവും 59 ദിവസം കൊണ്ടുമാത്രം പൂർത്തിയാകുന്ന ഭ്രമണവുമാണെങ്കിലും ബുധന് കാര്യമായ തരത്തിലുള്ള ആഗോള കാന്തികക്ഷേത്രമുണ്ട്. മരിനർ 10 നടത്തിയ മാപനങ്ങൾ പ്രകാരം ഇത് ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ ഏകദേശം 1.1 ശതമാനത്തോളം ശക്തമാണ്. ബുധന്റെ മധ്യരേഖാ മേഖലയിൽ ഈ കാന്തികക്ഷേത്രത്തിന്റെ ശക്തി 300 nT ആണ്. ഭൂമിയുടേതുപോലെ തന്നെ ബുധന്റെ കാന്തികക്ഷേത്രവും ദ്വധ്രുവങ്ങളോടു കൂടിയതാണ്. പക്ഷെ ഭൂമിയുടേതിൽ നിന്നും വ്യത്യസ്തമായി ഈ കാന്തിക ധ്രുവങ്ങൾ ഗ്രഹത്തിന്റെ അച്ചുതണ്ടുമായി യോജിച്ച് നിൽക്കുന്ന അവസ്ഥയിലാണ്. മരിനർ 10, മെസെഞ്ചർ എന്നീ ബഹിരാകാശപേടകങ്ങളുപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ ബുധന്റെ കാന്തികക്ഷേത്രത്തിന്റെ ആകൃതിയും ബലവും സ്ഥിരതയുള്ളതാണെന്ന് സൂചിപ്പിക്കുന്നു. സൗരക്കാറ്റുകളെ വ്യതിചലിപ്പിക്കാൻ തക്കവണ്ണം ശക്തമാണ് ബുധന്റെ കാന്തികക്ഷേത്രം, ഇത് ഒരു കാന്തമണ്ഡലം സൃഷ്ടിക്കുന്നു. ഈ ഗ്രഹത്തിന്റെ കാന്തമണ്ഡലത്തിന് ഭൂമിയുടെ ഉള്ളിലൊതുക്കാനുള്ള വലിപ്പമേ ഉള്ളുവെങ്കിലുംസൗരക്കാറ്റിലെ പ്ലാസ്മയെ കീഴടക്കുവാൻ മാത്രം ശക്തമാണത്. ഇത് ഗ്രഹത്തിന്റെ ഉപരിതലത്തിന് ബഹിരാകാശ നിയന്ത്രിതമായ കാലാവസ്ഥ സമ്മാനിക്കുന്നു. കാന്തമണ്ഡലത്തിൽ ഗ്രഹത്തിന്റെ രാത്രിവശത്തുള്ള ഭാഗത്തെ താഴ്ന്ന ഊർജ്ജനിലയിലുള്ള പ്ലാസ്മയെ മാരിനർ 10 ബഹിരാകാശപേടകം ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ബഹിരാകാശപേടകം രണ്ടാമത്തെ തവണയായി 2008 ഒക്ടോബറിൽ 6 ൽ ഗ്രഹത്തിനടുത്തുകൂടി സഞ്ചരിക്കുമ്പോൾ നടത്തിയ നിരീക്ഷണങ്ങൾ ബുധന്റെ കാന്തികക്ഷേത്രം വളരെ ചോർച്ചയുള്ളതാണെന്ന് കണ്ടിരുന്നു. 800 കി.മീ. വരെ വിസ്താരവും ഗ്രഹത്തിന്റെ വ്യാസാർദ്ധത്തിന്റെ മൂന്നിലൊന്നു വരെ വലിപ്പമുള്ളതും ബാഹ്യബഹിരാകാശവുമായി ബന്ധപ്പെട്ട നിലയിലുള്ളതുമായ പരസ്പരം ചുറ്റപ്പെട്ട കാന്തിക "ടൊർണാഡൊകളെ" മെസെഞ്ചർ കണ്ടുമുട്ടുകയുണ്ടായി. സൗരക്കാറ്റുകൾ വഹിക്കുന്ന കാന്തികക്ഷേത്രങ്ങൾ ഗ്രഹത്തിന്റെ കാന്തികക്ഷേത്രവുമായി ബന്ധപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള "ടൊർണാഡോകൾ" രൂപപ്പെടുന്നത്. സൗരക്കാറ്റുകൾ ഗ്രഹത്തെ കടന്ന് പോകുമ്പോൾ ഇത്തരത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന കാന്തികക്ഷേത്രങ്ങൾ ചുഴി രൂപത്തോടെ ചുഴറ്റി രൂപപ്പെടുന്നു. ഈ കാന്തിക ബലരേഖ നാളങ്ങൾ (magnetic flux tubes) ഗ്രഹത്തിന്റെ കാന്തികക്ഷേത്രത്തിൽ ദ്വാരങ്ങൾ സൃഷ്ടിക്കുകയും സൗരക്കാറ്റിന് പ്രവേശിക്കുവാനും ഉപരിതലത്തിലെത്തുവാനും സഹായിച്ചേക്കും, ഇതിനെ സാങ്കേതികമായി വിളിക്കപ്പെടുന്നത് ബലരേഖ കൈമാറ്റ സംഭവങ്ങൾ (flux transfer events) എന്നാണ്ഇത്തരത്തിൽ ഗ്രഹ ഇതര, ഗ്രഹ കാന്തികക്ഷേത്രങ്ങൾ പരസ്പരം കൂടിച്ചേരുന്ന പ്രക്രിയ കാന്തിക പുനർബന്ധനം (magnetic reconnection) എന്ന് വിളിക്കപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ പ്രപഞ്ചത്തിൽ സാധാരണമാണ്. ഭൂമിയുടെ കാന്തിക ക്ഷേത്രത്തിലും ഇത്തരം പ്രക്രിയകൾ അരങ്ങേറാറുണ്ട്. പക്ഷെ മെസെഞ്ചർ നടത്തിയ നിരീക്ഷണങ്ങൾ കാണിക്കുന്നത് ബുധനിൽ ഈ പുനർബന്ധന നിരക്ക് പത്തിരട്ടി കൂടുതലാണെന്നാണ്. ബുധന് സൂര്യനുമായുള്ള സാമീപ്യത ഇതിൽ ഏകദേശം മൂന്നിലൊന്ന് പുനർബന്ധനത്തിനു മാത്രമേ സഹായകമാകുകയുള്ളൂ എന്നും മെസെഞ്ചർ വഴിയുള്ള നിരീക്ഷണങ്ങൾ കാണിക്കുന്നു.
ബുധൻ അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യാൻ 58.647 ദിവസങ്ങളെടുക്കുന്നു. അതിനാൽ ബുധനിൽ ഒരു ദിവസം ഏതാണ്ട് 176 ഭൗമദിനങ്ങൾക്ക് തുല്യമാണ്. ബുധന്റെ പരിക്രമണകാലത്തിന് ഏതാണ്ട് ഇരട്ടിയാണ് ഈ സമയം. അതായത്, ഒരു ബുധവർഷം അര ബുധദിനം മാത്രമാണ്.[]ഗ്രഹങ്ങളിൽ വച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥമുള്ളത് ബുധനാണ്. 0.21 ആണ് ബുധപരിക്രമണപഥത്തിന്റെ വികേന്ദ്രത. സൂര്യനിൽ നിന്നുള്ള ദൂരം 4.6 കിലോമീറ്റർ മുതൽ 7 കോടി കിലോമീറ്റർ വരെയാണ്. സൂര്യനുചുറ്റും ഒരു തവണ പരിക്രമണം പൂർത്തിയാക്കാൻ ബുധൻ 88 ദിവസമെടുക്കുന്നു. സൂര്യനിലേക്കുള്ള ദൂരത്തിൽ വരുന്ന വ്യത്യാസവും 3:2 അനുപാതത്തിലുള്ള ഭ്രമണ-പരിക്രമണ അനുരണനവും ചേർന്ന് ബുധന്റെ ഉപരിതലതാപനിലയെ സങ്കീർണ്ണമായി മാറ്റിമറിക്കുന്നു.
ബുധന്റെ ഭ്രമണപഥം ഭൂമിയുടേതിനോട് 7 ഡിഗ്രി ചരിഞ്ഞാണിരിക്കുന്നത്. അതിനാൽ ബുധൻ ക്രാന്തിവൃത്തത്തിലായിരിക്കവെ സൂര്യനുമായി നേർരേഖയിൽ വന്നാലേ ബുധസംതരണങ്ങൾ സാധ്യമാകൂ. ഏതാണ്ട് ഏഴ് വർഷത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്.
ബുധോപരിതത്തിലെ ചില ഭാഗങ്ങളിൽ നിന്ന് നോക്കിയാൽ സൂര്യൻ ഏതാണ്ട് പകുതിവരെ ഉദിക്കുന്നതും തിരിച്ച് അസ്തമിക്കുന്നതും വീണ്ടും ഉദിക്കുന്നതും ഒരേ ബുധദിനത്തിൽ തന്നെ കാണാനാകും. ഉപസൗരത്തിന് ഏതാണ്ട് നാല് ദിനം മുമ്പ് ബുധന്റെ കോണീയ ഭ്രമണവേഗവും കോണീയ പരിക്രമണവേഗവും തുല്യമാകുന്നതിനാലാണിത്. ഉപസൗരം കഴിഞ്ഞ് നാലു ദിവസമാകുന്നതോടെ ഈ പശ്ചാത്ഗതി അവസാനിക്കുന്നു.ബുധന്റെ അച്ചുതണ്ടിന്റെ ചരിവ് ഏതാണ്ട് പൂജ്യമാണ്. 0.027° ആണ് ഏറ്റവും കൃത്യമായി അളന്നിട്ടുള്ള വില. രണ്ടാമത്തെ താഴ്ന്ന ചരിവുള്ള ഗ്രഹമായ വ്യാഴത്തിന്റേതിൽ നിന്നും (3.1°) തീരെക്കുറവാണിത്. അതായത്, ബുധന്റെ ധ്രുവപ്രദേശത്തുനിൽക്കുന്ന ഒരു നിരീക്ഷകന് സൂര്യനെ ചക്രവാളത്തിൽ നിന്ന് 2.1′ൽ കൂടുതൽ ഉയരത്തിൽ കാണാനാകില്ല.
ചന്ദ്രൻ ഭൂമിയോടെന്നപോലെ ബുധൻ സൂര്യനോട് ടൈഡൽ ലോക്കിംഗിന് വിധേയമായതാണെന്നാണ് പണ്ട് കരുതിയിരുന്നത് - അതായത്, ഭ്രമണകാലവും പരിക്രമണകാലവും തുല്യമാണെന്നും സൂര്യനുനേരെ ഒരേ അർദ്ധഗോളമേ തിരിഞ്ഞിരിക്കൂ എന്നും. എന്നാൽ 1965-ൽ നടത്തിയ റഡാർ നിരീക്ഷണങ്ങൾ ബുധൻ 3:2 ഭ്രമണ-പരിക്രമണ അനുരണനത്തിലാണെന്ന് തെളിയിച്ചു. മൂന്ന് തവണ തന്റെ അച്ചുതണ്ടിൽ ഭ്രമണം നടത്തുന്ന കാലം കൊണ്ട് ബുധൻ കൃത്യം രണ്ട് തവണ സൂര്യനുചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. ബുധന്റെ ഭ്രമണപഥം ദീർഘവൃത്താകാരമാണെന്നത് ഈ അനുരണനത്തിന് സ്ഥിരത നൽകുന്നു. ടൈഡൽ ബലങ്ങൾ ഏറ്റവും ശക്തമാകുന്ന ഉപസൗരത്തിൽ ബുധനിൽ നിന്ന് നോക്കുമ്പോൾ ആകാശത്ത് സൂര്യൻ ഏതാണ്ട് നിശ്ചലാവസ്ഥയിലായിരി നിക്ഷിക്കാൻ ഏറ്റവും നല്ല സമയത്ത് അത് 3:2 അനുരണനത്തിലെ ഒരേ ബിന്ദുവിലായിരുന്നു എന്നതിനാലാണ് അത് ലോക്ക്ഡ് ആണെന്ന് ജ്യോതിശാസ്ത്രജ്ഞന്മാർ കരുതിയിരുന്നത്. അതിനാൽത്തന്നെ അപ്പോൾ ബുധൻ ഒരേ വശമാണ് കാണിച്ചിരുന്നത്. ബുധന്റെ ഭ്രമണകാലം. ഭൂമിയുമായുള്ള സിനോഡിക് കാലത്തിന്റെ ഏതാണ്ട് കൃത്യം പകുതിയാണ് എന്നതിനാലാണ് ഇങ്ങനെ വന്നത്. 3:2 അനുരണനം മൂലം ബുധനിൽ ഒരു സൗരദിനം ഏതാണ്ട് 176 ഭൗമദിനങ്ങളാണ്. ഭ്രമണകാലമാകട്ടെ 58.7 ദിവസവും
മറ്റ് ഗ്രഹങ്ങളുമായുള്ള പ്രവർത്തനങ്ങൾ മൂലം ബുധന്റെ പ്രദക്ഷിണപഥത്തിന്റെ എക്സണ്ട്രിസിറ്റി ഏതാണ്ട് പൂജ്യം മുതൽ 0.45 വരെയായി മാറുന്നു എന്ന് സിമ്യുലേഷനുകൾ കാണിക്കുന്നു. കോടിക്കണക്കിന് വർഷങ്ങളെടുക്കുന്ന ഈ മാറ്റം പ്രവചനാതീതവുമാണ്. 3:2 അനുരണനത്തിന് കാരണം ഇതാണെന്ന് കരുതപ്പെടുന്നു. ഉയർന്ന എക്സൻട്രിസിറ്റിയുള്ള ഭ്രമണപഥങ്ങളിൽ 3:2 അനുരണനത്തിന് അല്ലാത്തപക്ഷം കൂടുതൽ സാധാരണമായ 1:1 അനുരണനത്തെക്കാൾ സാധ്യത കൂടുതലാണ്.
ന്യൂട്ടോണിയൻ ബലതന്ത്രം മാത്രമുപയോഗിച്ച് മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം മാത്രം കണക്കിലെടുത്തുകൊണ്ട് ബുധന്റെ ഭ്രമണപഥത്തിന്റെ പുരസ്സരണം പൂർണ്ണമായി വിശദീകരിക്കാനാവില്ലെന്ന് 1859-ൽ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ലെവെരിയർ കണ്ടെത്തി. മറ്റൊരു ഗ്രഹം ബുധനെക്കാൾ ചെറിയ ഭ്രമണപഥത്തിൽ സൂര്യനുചുറ്റും പരിക്രമണം നടത്തുന്നുണ്ടാകാം എന്നാണ് ഇതിന് അദ്ദേഹം വിശദീകരണം നൽകിയത്. സൂര്യന്റെ ഗോളാകൃതിയിൽ നിന്നുള്ള വ്യതിയാനവും മറ്റൊരു വിശദീകരണമായി നൽകപ്പെട്ടു. യുറാനസിന്റെ ഭ്രമണപഥത്തിലെ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കി നെപ്റ്റ്യൂൺ കണ്ടെത്താനായത് ജ്യോതിശാസ്ത്രജ്ഞരെ ആദ്യത്തെ വിശദീകരണത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചു. ഈ ചെറുഗ്രഹത്തിന് വൾക്കാൻ എന്ന് പേരും നൽകി. എന്നാൽ ഏറെക്കാലത്തെ പരിശ്രമത്തിനുശേഷവും ഇങ്ങനെയൊരു ഗ്രഹത്തെ കണ്ടെത്താനായില്ല.
ബുധന്റെ പുരസ്സരണം നൂറ്റാണ്ടിൽ 5600 ആർക് സെക്കന്റാണ്. മറ്റെല്ലാ ഗ്രഹങ്ങളെയും കണക്കിലെടുത്താൽ ന്യൂട്ടോണിയൻ baലതന്ത്രത്തിലെ കണക്കുകളിൽ നിന്ന് ലഭിക്കുന്ന വില 5557 ആർക് സെക്കന്റും.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സാമാന്യ ആപേക്ഷികതാസിദ്ധാന്തമുപയോഗിച്ച് ആൽബർട്ട് ഐൻസ്റ്റൈൻ ഈ വ്യത്യാസം വിശദീകരിച്ചു. ആപേക്ഷികത മൂലം ബുധന്റെ ഭ്രമണപഥത്തിനുണ്ടാകുന്ന പുരസ്സരണം നൂറ്റാണ്ടിൽ 42.98 ആർക് സെക്കന്റ് മാത്രമാണ്. അതായത്, ഒരു മുഴുവൻ വൃത്തം പൂർത്തിയാക്കാൻ 1.2 കോടി പരിക്രമണകാലയളവുകളെടുക്കും. സമാനമായതും എന്നാൽ ഇതിലും പ്രാമുഖ്യം കുറഞ്ഞതുമായ പ്രതിഭാസങ്ങൾ മറ്റ് ഗ്രഹങ്ങൾക്കുമുണ്ട്. ശുക്രന്റെ പുരസ്സരണം നൂറ്റാണ്ടിൽ 8.62 ആർക് സെക്കന്റും ഭൂമിയുടേത് 3.84 ആർക് സെക്കന്റും ചൊവ്വയുടേത് 1.35 ആർക് സെക്കന്റുമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ