ക്യൂറിയം
അണുസംഖ്യ 96 ആയ മൂലകമാണ് ക്യൂറിയം. Cm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ(മനുഷ്യ നിർമിത) മൂലകമാണ്. ആക്റ്റിനൈഡ് കുടുംബത്തിലെ ഒരു ട്രാൻസ്‌യുറാനിക് ലോഹ മൂലകമാണിത്. ആൽഫ കണങ്ങളെ പ്ലൂട്ടോണിയവുമായി കൂട്ടിമുട്ടിച്ചാണ് ഇത് നിർമ്മിക്കുന്നത്. മേരി ക്യൂറി, പിയറി ക്യൂറി ദമ്പതികളുടെ ബഹുമാനാർത്ഥമാണ് ഇത് ക്യൂറിയം എന്ന് നാമകരണം ചെയ്യപ്പെട്ടത്.
ക്യൂറിയത്തിന്റെ ഐസോട്ടോപ്പായ ക്യൂറിയം-248 മില്ലിഗ്രാം അളവുകളിലേ കൃത്രിമമായി നിർമ്മിക്കപ്പെട്ടിട്ടുള്ളൂ. എന്നാൽ ക്യൂറിയം-242, ക്യൂറിയം-244 എന്നിവ മൾട്ടിഗ്രാം അളവുകളിൽ നിർമ്മിക്കപ്പെടുന്നു. മൂലകത്തിന്റെ സ്വഭാവങ്ങളേക്കുറിച്ചറിയാൻ ഇത് സഹായിക്കുന്നു. ക്യൂറിയം-244 നിർമ്മിക്കുന്നത് പ്ലൂട്ടോണിയത്തിന്റെ ന്യൂട്രോണിയവുമായുള്ള കൂട്ടിമുട്ടിക്കലിലൂടെയാണ്. ഈ മൂലകം ആരോഗ്യത്തിന് ഹാനികരമാണ്. അസ്ഥികലകളിൽ എത്തിയാൽ ക്യൂറിയത്തിന്റെ റേഡിയേഷൻ അസ്ഥിമജ്ജയെ നശിപ്പിക്കുകയും അതുവഴി ചുവന്ന രക്താണുക്കളുടെ ഉൽപാദനം തടയുകയും ചെയ്യുന്നു.
ക്യൂറിയം ആദ്യമായി നിർമിച്ചത് ഗ്ലെൻ ടി. സീബോർഗ്, റാൽഫ് എ. ജെയിംസ്, ആൽബെർട്ട് ഗിയോർസോ എന്നിവർചേർന്നാണ്. ബെർക്ലിയിയിലെ കാലിഫോർണിയ സർവകലാശാലയിൽ വച്ചായിരുന്നു അത്. റേഡിയം കണ്ടെത്തുകയും റേഡിയോആക്റ്റിവിറ്റി മേഖലയിൽ വൻസംഭാവനകൾ ചെയ്തവരുമായ മേരി ക്യൂറി, പിയറി ക്യൂറി ദമ്പതികളുടെ ബഹുമാനാർത്ഥം അവർ പുതിയ മൂലകത്തിന് ക്യൂറിയം എന്ന് പേരിട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ