ഒരു ഫ്രഞ്ച് ദാർശനികനും ഗണിതവിജ്ഞാനിയുമാണ് റെനെ ദെക്കാർത്തെ(René Descartes) (മാർച്ച് 31, 1596 - ഫെബ്രുവരി 11, 1650). കാർത്തേസിയൂസ് (Cartesius) എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദെക്കാർത്തെ പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ഗണിതശാസ്ത്രപരമായ ബന്ധങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്. ദ്വൈതസിദ്ധാന്തം(dualism) അദ്ദേഹത്തിന്റ പ്രധാന ചിന്താധാരകളിലൊന്നാണ്. വിശ്ലേഷക ജ്യാമിതിയുടെ ആവിഷ്കർത്താവ് എന്ന പ്രസിദ്ധിയും ഇദ്ദേഹത്തിനുണ്ട്. ലോക ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ദ ഹൻഡ്രഡ് എന്ന ഗ്രന്ഥത്തിൽ രചയിതാവായ മൈക്കിൾ ഹാർട്ട് റെനെ ദെക്കാർത്തെക്ക് 49-ആം സഥാനം നൽകിയിട്ടുണ്ട്. ഫ്രാൻസിലെ ലാ ഹേയ് (La Haye) എന്ന സ്ഥലത്ത് 1596 മാർച്ച് 31-ന് ഒരു കത്തോലിക്കാ പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് യോവാക്കിം ദെക്കാർത്തെ ആണ്. 1604 മുതൽ 1612 വരെ ലാ ഫെച്ച് എന്ന സ്ഥാപനത്തിൽ വിദ്യാഭ്യാസം നടത്തി. തത്ത്വശാസ്ത്രം, ഊർജതന്ത്രം, തർക്കശാസ്ത്രം (Logic), ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ അഭ്യസിച്ചു. തുടർന്ന് നി...