വാസ്കോ ഡ ഗാമയുടെ പര്യവേക്ഷണങ്ങൾ - Vasco da Gama
സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ (1460/1469 - ഡിസംബർ 24, 1524, ആംഗലേയത്തിൽ Vasco da Gama 1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്. ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ. 1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ മാനുവൽ ഒന്നാമൻ രാജാവ് കൊൻഡേസ് ഡ വിദിഗ്വിര (count of vidiguira) എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു.
യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരുമുളക്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം, ഇഞ്ചി, കറുവാപട്ട, ജാതിക്ക തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും വൈഡൂര്യം, മരതകം തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളിൽ നടന്നിരുന്നു എന്ന് യൂറോപ്യന്മാർക്ക് അറിയാമായിരുന്നു. ഇതെല്ലാം ആദ്യം അവർക്ക് ലഭിച്ചിരുന്നത് പേർഷ്യൻ,അറബി വ്യാപാരികളിൽ നിന്നുമായിരുന്നു. ഇവർ ഇന്ത്യയിൽ നിന്ന് ഗ്രീക്കുകാരുടെ കാലം മുതൽക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ അവർ കുത്തക കൈയാളുന്നതിന്റെ ഫലമായി ഭീമമായ ലാഭം വ്യാപാരത്തിൽ ഈടാക്കിയിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു യവനർ വന്നിരുന്നത് എങ്കിലും ഇത് കടൽകൊള്ളക്കാരുടെ ശല്യം നിമിത്തം അത്ര സുരക്ഷിതമല്ലാത്ത ഒരു പാതയായിരുന്നു. മറ്റൊരു ജലപാത നിലവിൽ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും ഊഹവുമുണ്ടായിരുന്നു. ഇന്ത്യയിലേയ്ക്ക് ഒരു പുതിയ വ്യാപാരമാർഗ്ഗം കണ്ടുപിടിക്കുകയും അതു വഴി വ്യാപാരബന്ധം വിപുലീകരിക്കുകയും സുഗന്ധദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി പോർട്ടുഗലിലെ അന്നത്തെ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും അവർ ശ്രമിച്ചു. പോപ്പിന് ലോകരാജ്യങ്ങളുടെ മേലെല്ലാം അധികാരമുണ്ടെന്നും പോപ്പിനെ തിരഞ്ഞെടുത്തിരുന്ന അവർക്ക് ഇത്തരം കാര്യങ്ങളിൽ അധികാരം ഉണ്ടെന്നുമായിരുന്നു അവരുടെ വിചാരം.
കപ്പലോട്ടക്കാരനായ ഹെൻറി രാജകുമാരൻ എന്നപേരിൽ ലോകപ്രസിദ്ധനായ ഡ്യൂക്ക് ഡോം ഹെൻറിയുടെ സാഹസിക ജീവിതം ആ നാട്ടിലെ നാവികസഞ്ചാരങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും അടങ്ങാത്ത പ്രചോദനം നൽകി. ലിസ്ബൺ നഗരത്തിൽ അദ്ദേഹം നാവിക പരിശീലനകേന്ദ്രം സ്ഥാപിച്ചു. അതുവഴി നാവികവി പോർത്തുഗലിൽ സ്വീകാര്യമാക്കി
നാവിക പ്രവർത്തനങ്ങൾക്കു പിന്നിൽ മതപരമായ ഒരു ഘടകംകൂടി ഉണ്ടായിരുന്നു. പ്രെസ്റ്റർ ജോൺ എന്നപേരിൽ ശക്തനായ ഒരു ക്രീസ്തീയ രാജാവ് ഇന്ത്യയിലോ ചൈനയിലോ അബിസീനിയയിലോ ഉണ്ടെന്നോ എന്നുള്ള ശക്തമായ വിശ്വാസം പോർത്തുഗീസുകാരിൽ വേരുറച്ചിരുന്നു. ഈ വിശ്വസം അന്വേഷണങ്ങൾക്ക് ത്വരിതമേകി. മദ്ധ്യപൌരസ്ത്യദേശങ്ങൾ ഇസ്ലാമിന്റെ വരുതിയിൽ വന്നതിൽ പരിഭവപ്പെട്ടിരുന്ന യൂറോപ്യൻ രാജാക്കന്മാർക്ക് പ്രെസ്റ്റർ ജോൺ എന്ന രാജാവിനെക്കുറിച്ചുള്ള വാർത്തകൾ സന്തോഷഭരിതമായിരുന്നു. കരമാർഗ്ഗം പ്രെസ്റ്റർ ജോണിന്റെ രാജ്യം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ എന്നിരുന്നാലും പരാജയത്തിൽ കലാശിച്ചുകൊണ്ടിരുന്നു. ഇത് കപ്പൽ മാർഗ്ഗം കൂടുതൽ സ്വീകാര്യമാക്കിത്തീർത്തു.
1441 നും 47 നും ഇടക്ക അന്താവോ ഗോൺസാൽവസ് റിയോ ഡി ഓറോയിൽ നിന്നും ആദ്യമായി ചരക്കുകൾ കൊണ്ടുവന്നു.1469-നും 74-നും ഇടയ്ക്ക് ഫെർണാവൊ ഗോമസ് ആഫ്രിക്കയിൽ എത്തുകയും അവിടത്തെ വ്യാപാരത്തിന്റെ കുത്തക കൈയടക്കുകയും ചെയ്തു. അദ്ദേഹമാണ് സീറാ ലിയോൺ കണ്ടു പിടിച്ചത്. പിന്നീട് ലോപോ ഗോൺസാൽവസ് ആഫ്രിക്കൻ അമേരിക്കൻ ഭൂമദ്ധ്യ രേഖ മുറിച്ചു കടന്നു.പതിനഞ്ചാം നൂറ്റാണ്ടു മുതൽക്കേ പോർട്ടുഗീസുകാർ അവർക്കു ലഭിച്ച ഇത്തരം വിവരങ്ങൾ വെച്ചും മറ്റു രാജ്യങ്ങളിലെ സമാന പര്യടനക്കാരുടെ അനുഭവം വച്ചും ഇന്ത്യാ തീരത്തേയ്ക്ക് ആഫ്രിക്കൻ വൻകരയോട് ചേർന്ന് പര്യടനങ്ങൾ നടത്തിപ്പോന്നിരുന്നു. എന്നാൽ ജിബ്രാൾട്ടർ കടലിടുക്കിലെ കൊള്ളക്കാരുടെ സാന്നിധ്യവും മറ്റുള്ള വ്യാപാരികളുടെ നിസ്സഹകരണവും ആഫ്രിക്കൻ വൻകര ചുറ്റാൻ അവരെ നിർബന്ധിതരാക്കുകയായിരുന്നു. ഗാമയ്ക്ക് പത്തു വയസ്സുള്ളപ്പോൾ ബർത്തലോമിയോ ഡയസ് പ്രതീക്ഷാ മുനമ്പ് (Cape of Good Hope) വരെ യാത്ര ചെയ്തു തിരിച്ചു വന്നിരുന്നു. അദ്ദേഹം കൊടുങ്കാറ്റുകളുടെ മുനമ്പ് എന്നാണിതിനെ ആദ്യം പേരിട്ടത്. അദ്ദേഹത്തിന്റെ യാത്രക്കു ശേഷമാണ് അതിനപ്പുറം അറിയാത്ത പല രാജ്യങ്ങളും ഉണ്ടെന്നും ഇന്ത്യ അവിടെയായിരുക്കാം എന്നുമുള്ള സംശയം ബലപ്പെട്ടത്. പെറോ ഡ കോവിള, അൽഫോൻസൊ ഡ പൈവ എന്നിവരുടെ സംഘം ബാർസലോണ, റോഡ്സ് ദ്വീപുകൾ എന്നീ സ്ഥലങ്ങളിലൂടെ അലക്സാൻഡ്രിയയിലേയ്ക്കും അവിടെ നിന്ന് ഏഥൻ, ഓർമുസ് തീരങ്ങൾ വഴി ഇന്ത്യയിലേയ്ക്ക് കടലിലും കരയിലുമായി എത്തിച്ചേർന്നത് മേല്പറഞ്ഞ വിശ്വാസം ഊട്ടി ഉറപ്പിച്ചു. എന്നാൽ കോവിള, എത്യോപ്യയിൽ വച്ച് മരണമടഞ്ഞതും ആ സ്ഥാനത്തേയ്ക്ക് അയച്ച പൈവയെ എത്യോപ്യൻ ചക്രവർത്തി തടഞ്ഞുവച്ചതും ഈ ദൌത്യം ഏറ്റെടുക്കൽ ഗാമയുടെ പിതാവിൽ നിക്ഷിപ്തമായി. ഗാമയുടെ പിതാവ് നല്ല ഒരു കപ്പൽ സാഹസികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ ആഫ്രിക്കൻ തീരത്തു നിന്ന് നിരവധി തവണ സ്വർണ്ണം കയറ്റി കപ്പൽ യാത്ര നടത്തി തഴക്കം വന്നയാളുമായിരുന്നു. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ആ ദൌത്യം ആദ്യം മാനുവൽ ഒന്നാമൻ രാജാവ് ഗാമയുടെ പിതാവിനെയാണ് ഏല്പിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ മകൻ വാസ്കോ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.
വാസ്കോ ഡ ഗാമയുടെ പാത അന്നുവരെ ഉപയോഗിച്ചിട്ടില്ലാത്തതും പുതിയതുമായിരുന്നു. ബർത്തലോമ്യോ ഡയസ്, ഗാമയെ അനുഗമിച്ച് മറ്റൊരു കപ്പലിൽ ഇവർക്കൊപ്പം കുറേ ദൂരം വന്നശേഷം അഗസ്ത് 3 നു തിരികെ ചെന്ന് പോർട്ടുഗൽ രാജാവിനെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഗാമ, ആഫ്രിക്കയുടെ തീരത്തോടടുത്തു കൂടി പോകാതെ കൂടുതൽ ഉൾവലിഞ്ഞ് ഒരു വലിയ ചുറ്റൽ നടത്തിയാണ് പ്രത്യാശാ മുനമ്പിലെത്തുന്നത്. ഈ യാത്ര കൂടുതലും തെക്കേ അമേരിക്കൻ വൻകരക്കു സമീപത്തുകൂടെയായിരുന്നു എന്നു വേണമെങ്കിൽ പറയാം (ചിത്രം നോക്കുക). നവമ്പർ 20 നു പ്രത്യാശ മുനമ്പ് പിന്നിട്ടു. എന്നാൽ താമസിയാതെ ഉണ്ടായ വലിയ കൊടുങ്കാറ്റ് കപ്പലുകളെ വലച്ചു. ഇതേ തുടർന്ന് കപ്പലുകളിൽ കലാപം ഉണ്ടാവുകയും ഭയന്ന യാത്രികർ തിരിച്ച് പോർത്തുഗലിലേക്ക് പോവണമെന്ന് വാശിപിടിക്കുകയും ചെയ്തു. എന്നാൽ ഉന്നത്ഉദ്യോഗസ്ഥർ ഗാമക്കൊപ്പം നിലകൊണ്ടു. കലാപത്തിനു പിന്നിലുണ്ടായിരുന്നവരെ ബന്ധനസ്ഥരാക്കി ഗാമ യാത്ര തുടർന്നു.
ഡിസംബർ 16 ന് അന്നു വരെ യൂറോപ്പുകാർ എത്തിച്ചേർന്നതിൽ ഏറ്റവും ദൂരത്തുള്ള തെക്കേ ആഫ്രിക്കയിലെ വെള്ള നദിക്കടുത്തെത്തി. അദ്ദേഹം വീണ്ടും തെക്കോട്ട് സഞ്ചരിച്ചു. വിശുദ്ദ ഹെലെനാ, മോസ്സൽ എന്നീ ഉൾക്കടലുകളിൽ നങ്കൂരമിട്ടു വിശ്രമിച്ചു. ക്രിസ്തുമസ് അടുക്കാറായപ്പോൾ അവർ എത്തിച്ചേർന്ന തീരത്തിന് നാതൽ (പോർട്ടുഗീസ് ഭാഷയിൽ ക്രിസ്തുമസ്) എന്ന് പേരിട്ടു.
പിന്നീടുള്ള യാത്രകൾ ആഫ്രിക്കയുടെ കിഴക്കൻ തീരത്തോട് ചേർന്നായിരുന്നു. സ്ഥല പരിചയം പോരാത്തതും കാറ്റ് പ്രതികൂലമായതുമാണിതിന് കാരണം. നിരവധി തീരങ്ങളിൽ വിശ്രമിച്ച അവർ മൊസാംബിക്കിന്റെ തീരത്ത് വന്നണഞ്ഞു. അവിടത്തെ സുൽത്താന്റെ അടുക്കൽ മുസ്ലീം വ്യാപാരിയായി ഗാമ അഭിനയിച്ചു. ക്രിസ്ത്യൻ നാവികരാണെന്നറിഞ്ഞാൽ അവർക്ക് ഇഷ്ടാമായില്ലെങ്കിൽ എന്നു അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് അവിടത്തുകകർക്ക് ചതി മനസ്സിലാവുകയും അന്തരീക്ഷം കലുഷിതമാകുകയും ചെയ്തപ്പോൾ ഗാമ തീരം വിട്ടു. പോകുന്ന വഴിക്ക് നാട്ടുകാരെ വിരട്ടാൻ പീരങ്കി ഉപയോഗിക്കുകയും ചെയ്തു.
മാർച്ച് 25 നു കപ്പലുകൾ സെന്റ് ബ്ലേസിൽ എത്തി. തുടർന്ന് ഏപ്രിൽ 21 നു മെലിൻഡയിൽ എത്തി. മെലിണ്ഡയിലെ ഭരണാധികാരി അവർക്ക് കോഴിക്കോട്ടേക്കു കപ്പൽ തെളിക്കാനായി ഒരു വിദഗ്ദ്ധനായ കപ്പിത്താനെ നൽകി സഹായിച്ചു. അവിടെ നിന്നുടനെ പുറപ്പെട്ട അവർക്ക് മേയ് 18 ഓടെ ഇന്ത്യ കാണാൻ തുടങ്ങി
കിഴക്കൻ ആഫ്രിക്കയിൽ
കെനിയക്കടുത്തത്തിയപ്പോഴേയ്ക്കും പര്യടനക്കാർ കടൽക്കൊള്ളക്കാരുടെ വേഷം അണിഞ്ഞു. അറബി കപ്പലുകൾ കൊള്ളയടിക്കുകയും മറ്റും ചെയ്തു. കിഴക്കൻ ആഫ്രിക്കയുടെ തീരത്തെത്തുന്ന ആദ്യത്തെ യൂറോപ്പുകാരായിരുന്നു അവർ. കെനിയയിലെ മൊംബാസ്സയിൽ നങ്കൂരമടിച്ചെങ്കിലും അന്തരീക്ഷം സുരക്ഷിതമല്ലാത്തതിനാൽ അവിടം വിട്ടു. പിന്നീട് കുറച്ച് കൂടി വന്ന ശേഷം മലിന്ധി ഏന്ന് സ്ഥലത്തെ തുറമുഖത്ത് എത്തിച്ചേർന്നു. അവിടത്തുകാര് കേരളവുമായി വ്യാപാരം ചെയ്തിരുന്നു. അവിടെ വച്ച് അവർ ഇന്ത്യൻ കപ്പൽ യാത്രികരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അത് അവർക്ക് വളരെ സഹായകരമായി. അവിടത്തെ രാജാവ് ഗാമയേ സ്വീകരിക്കുകയും വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തു അഹമ്മദ് ബിൻ മജീദ് എന്ന അറബി നാവികനും ഭൂപടനിർമ്മാണ വിദഗ്ദ്ധനുമായ ഒരാളുടെ സഹായം അവർക്ക് നിർണ്ണായകമായിത്തീർന്നു. അദ്ദേഹത്തിന്റെ ഉപദേശത്തോടെ മൺസൂൺ കാറ്റുകളുടെ സഹായം സ്വീകരിച്ച് കോഴിക്കോട്ടേയ്ക്കുള്ള കപ്പൽ യാത്ര അവർ സുഗമമാക്കി. കൂടാതെ വഴി കാണിച്ചു കൊടുക്കാൻ ഗുജറാത്തി ചുക്കാൻകാരെ രാജാവ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. 1498 മേയ് 20 നു അവർ കോഴിക്കോട്ട് എത്തിച്ചേർന്നു. എന്നാൽ വരും വഴി നാലാമത്തെ കപ്പൽ കാറ്റിലും കോളിലും പെട്ട് സാവൊ ബ്രാസ് ഉൾക്കടലിൽ വച്ച് കാണാതായി. അങ്ങനെ മൂന്നു കപ്പലാണ് അവരുടെ സംഘത്തിൽ അവസാനം ഉണ്ടായത്.
കേരളത്തിൽ
വാസ്കോ ഡ ഗാമ കോഴിക്കോട്ടെത്തിയ തീയതിയെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. 1498 മേയ് 17 നാണെന്നും അതല്ല 1498 ഓഗസ്റ്റ് 26 നാണെന്നും അതു രണ്ടുമല്ല 1498 മേയ് 18 നാണെന്ൻ ഹാമിൽട്ടണും ജൂലൈ 18നാണെന്ന് ഫെറിയ ഡിസൂസയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കപ്പൽ മാർഗ്ഗം എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്പുകാരായിത്തീർന്നു ഗാമയും സംഘവും. ഒരു വർഷവും അഞ്ചുമാസവും അവർക്ക് വേണ്ടി വന്നു. കോഴിക്കോട് എന്ന് തെറ്റിദ്ധരിച്ച അവർ കാപ്പാടിനടുത്തായി നങ്കൂരമിട്ടപ്പോൾ വൻ ജനക്കൂട്ടം കരയിൽ ഇൻതടിച്ചുകൂടി. മുൻകാല പരിചയം വച്ച് ജനങ്ങൾ എന്തിനുള്ള പുറപ്പാടാണ് എന്ന ഭയന്ന ഗാമ ഒരു അറബി അടിമയെയും മുന്നാം കപ്പൽ കപ്പിത്താൻ നിക്കോളാവ് കോയ്‍ല്ഹോവിനെയും കരയിലേയ്ക്ക് ചെറു തോണിയിൽ കയറ്റി വിട്ടു. അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടേ രേഖകൾ അന്നത്തെ സംഭവം വ്യക്തമായി വിവരിക്കുന്നുണ്ട്. എന്നാൽ സാമൂതിരി അന്ന് പൊന്നാനിയിലായിരുന്നു. ദൂതൻ മൂലം വിവരമറിഞ്ഞ അദ്ദേഹം അവർക്ക് വേണ്ട ഏർപ്പാടുകൾ നല്കാൻ ഉത്തരവിട്ട ശേഷം പൊന്നാനിയിൽ നിന്ന് പുറപ്പെട്ടു വന്നു. പിന്നീട് ഗാമയും കൂട്ടരും രാജാവീന്റെ നിർദ്ദേശപ്രകാരം പന്താലായിനിക്കൊല്ലത്തിനു സമീപം നങ്കൂരമിട്ടു. മേയ് 28 നു ഗാമ അകമ്പടിക്കാർക്കൊപ്പം സാമൂതിരിയെ സന്ദർശിക്കാൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് കണ്ട ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്ത്യൻ പള്ളിയാണെന്നു കരുതി അവർ പ്രാർത്ഥനയും നടത്തി.
കോഴിക്കോടിനടുത്തെത്തിയപ്പോഴേക്കും നാട്ടുകാരായ അല്പ വസ്ത്രധാരികളായ മുക്കുവന്മാരുടെ 20 വഞ്ചികൾ ഗാമയുടെ കപ്പലുകളെ വളഞ്ഞു. അന്നു വരെ കണ്ടിട്ടില്ലാത്തതരം കപ്പൽ കണ്ടതു കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാനെത്തിയതായിരുന്നു അവർ. കപ്പലുകൾ നങ്കൂരമിടാനും ഒരു പ്രതിനിധിയെ തുറമുഖത്തേക്കുവിടാനും അവർ ആവശ്യപ്പെട്ടതായി പോർത്തുഗീസുകാർക്ക് മനസ്സിലായി.
എന്നാൽ വളരെ ധനികാരായ നാട്ടുകാരെ പ്രതീക്ഷിച്ച ഗാമക്ക് ഇവരെ കണ്ടപ്പോൾ നിരാശ തോന്നി. കറുത്ത നിറമുള്ളതും കുറുവുമാത്രം വസ്ത്രം ധരിക്കുന്നവരെ അദ്ദേഹം അല്പം ഭയത്തോടു കൂടിയാണ് കണ്ടത്. പോർട്ടുഗലിൽ നിന്ന് വരുമ്പോൾ അവിടത്തെ ജയിലിൽ നിന്നും ഏതാനും കുറ്റവാളികളെക്കൂടി ഗാമ കൊണ്ടുവന്നിരുന്നു. അപായകരമായ ദൗത്യങ്ങൾക്ക് തന്റെ കപ്പൽ ജീവനക്കാരെ ഉപയോഗിക്കാതെ കുറ്റവാളികളെ ആ ദൗത്യം ഏല്പിക്കുകയായിരുന്നു ഗാമയുടെ ഉദ്ദേശം. അത്തരത്തിൽ ഒരു കുറ്റവാളിയായ പോർത്തുഗീസുകാരനെയാണ് നാട്ടുകാരുമായുള്ള കൂടിക്കാഴ്ചക്ക് തുറമുഖത്തേക്ക് ഗാമ അയക്കുന്നത്.
സാമൂതിരിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷീച്ചത്ര വിജയകരമായിരുന്നില്ല. ഗാമ സ്വർണ്ണവും വെള്ളിയും കാഴ്ചയായി കൊടുക്കാതെ വസ്ത്രങ്ങളും ചില പാത്രങ്ങളും കുറച്ച് പഞ്ചസാരയും മറ്റുമാണ് കൊടുത്തത്. ഗാമ കൊടുത്ത കാഴ്ചവസ്തുക്കൾ സാമൂതിരി സ്വീകരിച്ചെങ്കിലും ഈജിപ്തിന്റെയും പേർഷ്യയുടേയും കച്ചവട താല്പര്യങ്ങൾ സംരക്ഷിക്കാൻ നിയുക്തരായ മൂറുകൾ സാമൂതിരിയുടേയും ഗാമയുടേയും സൗഹൃദത്തെ തുരങ്കം വച്ചു. സാമൂതിരി മൂറുകളേ ധിക്കരിക്കാൻ പ്രാപ്തനുമായിരുന്നില്ല. എന്നാൽ കരയിൽ ഒരു പാണ്ടികശാല പണിയാൻ രാജാവ് അവർക്ക് അനുവാദം നൽകിയിരുന്നു. എന്നാൽ പിന്നീട് മൂറുകളുടെ ഉപദേശപ്രകാരം ഗാമയുടെ ചരക്കുകൾ കണ്ടുകെട്ടാൻ കൊട്ടാരത്തിലെ സർവ്വധികാര്യക്കാരൻ തീരുമാനിച്ചു. ആപത്തു മനസ്സിലാക്കിയ ഗാമ അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് നീങ്ങി, കോലത്തിരിയുമായി സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കോലത്തിരിയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ട ഗാമ 1498 ഒക്ടോബർ 5 നു സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോയി.
1499 സെപ്തംബറിൽ സ്വന്തം നാട്ടിൽ എത്തിയ ഗാമയ്ക്ക് വിരോചിതമായ വർവേല്പാണ് പോർട്ടുഗലിലെ നാട്ടുകാർ നൽകിയത്. വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ സഹോദരനും ഒരു കപ്പലിന്റെ കപ്പിത്താനുമായ പാവുലോ ഡ ഗാമ അന്തരിച്ചിരുന്നു. തുടക്കത്തിലുണ്ടായിരുന്ന നാലു കപ്പലുകളിൽ രണ്ടെണ്ണവും ഈ യാത്രയിൽ നഷ്ടപ്പെട്ടിരുന്നു. 170 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ 54 പേർ മാത്രമാണ് തിരിച്ചെത്തിയത്. വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര വൻ വിജയമായിരുന്നു. യാത്രക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളായിരുന്നു ഗാമ കൊണ്ടുവന്നത്. ചരക്കുകൾക്ക് പുറമേ 16 കേരളീയരുമുണ്ടായിരുന്നു. അതീവ സന്തുഷ്ടനായ മാനുവൽ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നൽകി. അദ്ദേഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഡ്മിറൽ എന്ന ബഹുമതി നൽകി ആദരിച്ചു. സിനെസ് എന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ ജന്മിയാക്കി മാറ്റി.
പിന്നീടുള്ള ദൌത്യങ്ങൾ
1500 മാർച്ച 9 ന് പോർത്തുഗൽ രാജാവ് പത്ത് കപ്പലുകളും രണ്ടു കാരവല്ലുകളും 1500 നാവികരുമുൾപ്പടെയുള്ള ഒരു സംഘത്തെ പെഡ്രോ അൽവാരസ് കബ്രാളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് അയച്ചു. ഒരു കപ്പലിൽ ബർത്തലോമിയോ ഡയസും വിശുദ്ധ ഫ്രാൻസീസ് സേവ്യറുമുണ്ടായിരുന്നു. എന്നാൽ ആദ്യം സാമൂതിരി അനുകൂലമായി പ്രവർത്തിച്ചെങ്കിലും മൂറുകളുടെ ഉപദ്രവം കൂടുതലായിരുന്നു. അവർ കൊച്ചിയിലേയ്ക്ക് നീങ്ങുകയും രാജാവിന്റെ നിർലോഭ സഹായം ലഭിക്കുകയും ചെയ്തു. അവർ കൊച്ചിയിൽ പണ്ടികശാല പണിത് ക്രയ വിക്രയം ആരംഭിച്ചു. ഇതേ വർഷം തന്നെ ജോൺ ൻഡിനിയുവ എന്ന കപ്പിത്താന്റെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകൾ മാനുവൽ രാജാവ് ഇന്ത്യയിലേയ്ക്കയച്ചു. ഇവരെല്ലാം മൂറുകളുമായി ഇടയുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതൊക്കെയാണേങ്കിലും കൊച്ചിയിൽ നിന്നു മാത്രമേ അവർക്ക് വേണ്ട ചരക്കുകൾ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഒരു സമാധാനപരമായ വ്യാപാരം വിദൂരമായിരുന്നു.
ഗാമയുടെ രണ്ടാം ദൗത്യം
പ്രശ്നങ്ങൾ പരിഹരിക്കുവാനായി മാനുവൽ ഒന്നാമന്റെ നിർദ്ദേശപ്രകാരം 1502 ജനുവരി 10-ന് രണ്ടാം ദൌത്യവുമായി ഗാമ വീണ്ടും ഇന്ത്യയിലെയ്ക്ക് പുറപ്പെട്ടു. ഗാമയെ പേർഷ്യ, അറേബ്യ, ഇന്ത്യ എന്നീ സമുദ്രങ്ങളുടെ അഡ്മിറലായി നിയമിച്ചിരുന്നു. ഇത്തവണ സായുധസേനാ ബലം കൂടുതൽ ആയിരുന്നു സംഘത്തിൽ.നാവികവ്യൂഹത്തിൽ 15 കപ്പലുകളും എണ്ണൂറു സൈനികരുമുണ്ടായിരുന്നു. ഗാമയുടെ മരുമകൻ എസ്തെവായോ, അമ്മാവൻ വിൻസെൻറ് സൊദ്രേ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു കബ്രാൾ ഇത്രയും കാലം കൊണ്ട് കേരളത്തിൽ തുടങ്ങി വച്ച പോർത്തുഗീസ് സ്ഥാപനങ്ങളുടെ സംരക്ഷണം ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. വരുന്ന വഴിക്ക് കിഴക്കൻ ആഫ്രിക്കയിൽ ഖിൽവായിലെ ഷേയ്ക്കിനെ സന്ദർശിച്ച് കപ്പപ്പണം സമാഹരിച്ചു. ഇത്തവണത്തെ വരവ് അതിക്രൂരമായാണ് ഗാമ നിർവ്വഹിച്ചത്. കോഴിക്കോടിനടുത്ത് നിരവധി കപ്പലുകൾ കൊള്ളയടിച്ചു, പലതും നശിപ്പിച്ചു. കണ്ണൂരിലെത്തി കോലത്തിരിയുമായി വ്യാപാരക്കരാറിലേർപ്പെട്ടു. ചരക്കുകൾ കയറ്റി തിരിച്ചു പോകുന്ന വഴിക്ക് മൂറുകൾ വൻ കപ്പൽ വ്യൂഹവുമായി ആക്രമിച്ചെങ്കിലും ഗാമയുടെ സാമർത്ഥ്യം മൂലം വിജയം പോർട്ടുഗീസുകാർക്കായിരുന്നു. പല കപ്പലുകളും നശിപ്പിക്കുകയും കൊച്ചിയിലേയ്ക്ക് കൊണ്ടുവരുകയും ചെയ്തു. പട്ടാളക്കാരെ കൊച്ചിയിൽ ഇറക്കി ഗാമ വീണ്ടും പോർട്ടുഗലിലേയ്ക്ക് തിരിച്ചു പോയി. പോകുന്നവഴിക്ക് മക്കയിലേയ്ക്ക് തീർത്ഥാടനത്തിനു പോയിക്കൊണ്ടിരുന്ന മേറി എന്ന കപ്പൽ മുക്കി അതിലെ യാത്രക്കരെ കൊല്ലുകയും ചെയ്തു. ചരിത്രാതീതകാലം മുതൽ അഭംഗുരമായി തുടർന്ന ഇന്ത്യൻ സമുദ്രവ്യാപാരത്തിന് ആദ്യാമായ് കളങ്കം ചാർത്തിയ സംഭവം അതായിരുന്നു. അതോടെ ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല് പിറന്നു.
വൈസ്റേയി എന്ന നിലയിൽ ഗാമയുടെ രണ്ടാം വരവ് അത്യന്തം വിജയകരമായിരുന്നു. 29 എണ്ണമുള്ള കപ്പൽ വ്യൂഹം അദ്ദേഹം നശിപ്പിക്കുകയും ഒട്ടനവധി നാടുവാഴികളുമായി സന്ധിയിൽ ഏർപ്പെട്ട് വ്യാപാരം മെച്ചപ്പെടുത്തി. ഒരു ദശലക്ഷം സ്വർണ്ണം മതിപ്പുള്ള ചരക്കുകൾ കൊണ്ടുവരികയും ചെയ്തു.
മാനുവൽ രാജാവ് ഇത്തവണയും ബഹുമതികൾ കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഇത്തവണ സിനെസിനു പകരം വിദിഗ്വിരയും ഫ്രാദേസ് വില്ലയും അദ്ദേഹത്തിന് നൽകപ്പെട്ടു. 1519 ൽ അദ്ദേഹത്തിന് കോണ്ടേസ് ഡി വിദിഗ്വിര എന്ന സ്ഥാനം നൽകി ആദരിച്ചു. അന്നു മുതൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരിനും മുന്നിൽ ഡോം (പ്രഭു, Lord) എന്ന സംജ്ഞ ചേർക്കപ്പെടുകയും രാജകീയ രക്തമില്ലാത്ത അദ്യത്തെ പ്രഭു കുടുംബമായി മാറുകയും ചെയ്തു.
മൂന്നാം ദൗത്യം
തന്റെ സാമർത്ഥ്യവും നയതന്ത്രജ്ഞതയും നിമിത്തം പ്രശ്ന പരിഹാരകനായി ഇതിനകം ഗാമ അറിയപ്പെട്ടിരുന്നു. മാനുവൽ രാജാവിന്റെ അവസാന ആയുധം ഗാമയായിരുന്നു. 1524 ൽ അദ്ദേഹം വീണ്ടും കോഴിക്കോട്ടെത്തി. അവിടെ നിന്നും കണ്ണൂരിലെത്തി ബാലഹസ്സൻ എന്ന കടൽ കൊള്ളക്കാരനെ പിടിച്ച് തടവിൽ അടച്ചു. ഗോവയിൽ നിന്ന് പിന്നീട് കൊച്ചിയിലെത്തുകയും അവിടെ വച്ച് മലേറിയ ബാധിച്ച് ഡിസംബർ 24-ന് മരണമടയുകയും ചെയ്തു. അദ്ദേഹത്തിനെ ഫോർട്ട് കൊച്ചിയിലെ വി. ഫ്രാൻസിസ് പള്ളിയിൽ അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ 1539-ൽ പോർട്ടുഗലിലെ വിദിഗ്വരയിൽ വലിയ സ്മാരകത്തോടേ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ ബാലേമിൽ ഒരു സന്ന്യാസകേന്ദ്രം സ്ഥാപിക്കപ്പെടുകയും ചെയ്തു1503 ൽ ഡോൺ ഫ്രാൻസിസ്കോ ഡ അൽബുക്ക്വർക്ക് പോർട്ടുഗീസുകാരുടെ അടുത്ത കപ്പൽ വ്യൂഹവുമായി ഇന്ത്യയിൽ എത്തി. കൊച്ചിയിലും കൊടുങ്ങല്ലൂരിലും കോട്ടകൾ കെട്ടുകയും പള്ളിപ്പുറം എന്ന സ്ഥലത്ത് കാവൽ നിലയം സ്ഥാപിക്കുകയും ചെയ്ത അവർ കടലിന്റെ അവകാശം സ്വന്തമാക്കി ഏതാണ്ട് മറ്റെല്ലാ കപ്പലുകൾക്കും പാസ് ഏർപ്പെടുത്തുകയും ചെയ്തു. ഗോവയിൽ പോർട്ടുഗീസ് ആധിപത്യം സ്ഥാപിച്ചത് അൽബുക്ക്വർക്ക് ആണ്. പിന്നീട് 1504 ൽ സോറസ് ഡ മെനസിസ് എന്ന പുതിയ വൈസ്രോയി ആയി എത്തി. എന്നാൽ അദ്ദേഹം സാമൂതിരിയുടെ തടവുകാരായി കോഴിക്കോട്ട് താമസിപ്പിച്ചിരുന്ന പോർട്ടുഗീസുകാരെ മോചിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വന്ന വൈസ്രേയി ഫ്രാൻസിസ്കോ ഡ അൽമേഡ കണ്ണൂരിൽ സെന്റ് ആഞ്ജലോ കോട്ട പണിയിച്ചു. എന്നാൽ ഇക്കാലത്തെ മെനസിസ് ഒരു വൈസ്രേയി എന്ന നിലയിൽ പരാജയമായിരുന്നു. തൽഫലമായി നാടുവാഴികൾ ഇടഞ്ഞു തുടങ്ങി. ഈ സമയത്താണ് മാനുവൽ രാജാവ് ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ