തോമസ് ജെഫേഴ്സൺ
അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു തോമസ് ജെഫേഴ്സൺ (ജനനം: 1743 ഏപ്രിൽ 13; മരണം: 1826 ജൂലൈ 4). ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളിൽ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയുമായ അദ്ദേഹം ആ രാഷ്ട്രത്തിന് മാർഗ്ഗരേഖകളായി നിന്ന ഗണതന്ത്രസങ്കല്പങ്ങളുടെ രൂപവത്കരണത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ബ്രിട്ടന്റെ സാമ്രാജ്യവാദത്തിനു പകരം ഗണതന്ത്രസിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു "മാനുഷ്യാവകാശസാമ്രാജ്യത്തിന്റെ" (Empire of Liberty) ചാലകശക്തിയായി അദ്ദേഹം അമേരിക്കയെ സങ്കല്പിച്ചു. അമേരിക്കൻ ഐക്യനാടുകൾ ഫ്രാൻസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ലൂയിസിയാനാ പ്രദേശം വിലയ്ക്കു വാങ്ങിയത്(1803) ജെഫേഴ്സൺ രാഷ്ട്രപതിയായിരിക്കെയാണ്. ഐക്യനാടുകളുടെ വിസ്തീർണ്ണം ഇരട്ടിപ്പിച്ച ഈ കച്ചവടം, പിൽക്കാലത്തെ ബൃഹദ്‌രാഷ്ട്രമെന്ന നിലയിലുള്ള അതിന്റെ വളർച്ചയിലെ ഒരു നാഴികക്കാല്ലായിരുന്നു. ഐക്യനാടുകളുടെ ഇപ്പോഴത്തെ വിസ്തൃതിയുടെ 23 ശതമാനമാനം "ലൂയിസിയാനാ കച്ചവടം" വഴി സ്വന്തമാക്കിയ ഭൂമിയാണ്. അറ്റ്ലാന്റിക് തീരത്തു ഒതുങ്ങിനിന്ന ഐക്യനാടുകളുടെ പടിഞ്ഞാറ് ശാന്തസമുദ്രതീരത്തോ...