പ്രൊട്ടക്റ്റിനിയം
അണുസംഖ്യ 91 ആയ മൂലകമാണ് പ്രൊട്ടക്റ്റീനിയം. Pa ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
വെള്ളിനിറമുള്ള ഒരു ലോഹമാണ് പ്രൊട്ടക്റ്റീനിയം. ആക്റ്റിനൈഡ് ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഇതിന് ഉജ്ജ്വലമായ വെള്ളിനിറത്തിലുള്ള തിളക്കമുണ്ട്. വായുവിൽ ഈ തിളക്കം അൽപനേരത്തേക്കേ നിലനിൽക്കുകയുള്ളൂ. 1.4 കെൽവിനലും താഴ്ന്ന താപനിലയിൽ ഈ ലോഹം സൂപ്പർകണ്ടക്റ്റീവാണ്.
ശാസ്ത്രീയപരീക്ഷണങ്ങളിലാണ് പ്രൊട്ടക്റ്റീനിയം പ്രധാനമായി ഉപയോഗിക്കുന്നത്. സുലഭമല്ലാത്തതിനാലും ഉയർന്ന റേഡിയോ ആക്റ്റീവായതിനാലും വിഷവസ്തുവായതിനാലും മറ്റു മേഖലകളിൽ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല.
1871ൽ ദിമിത്രി മെൻഡലീഫ് തോറിയത്തിനും യുറേനിയത്തിനും ഇടയിൽ ഒരു മൂലകമുണ്ടെന്ന് പ്രവചിച്ചു. 1900ത്തിൽ വില്യം ക്രൂക്ക്‌സ് യുറേനിയത്തിൽനിന്ന് ഒരു റേഡിയോആക്ടീവ് വസ്തുവായി പ്രൊട്ടക്റ്റിനിയത്തെ വേർതിരിച്ചെടുത്തു. എന്നാൽ അത് ഒരു പുതിയ മൂലകമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല.
1913ൽ കസിമിർ ഫജൻസ്, ഒ.എച്. ഗോഹ്രിങ് എന്നീ ശാസ്ത്രജ്ഞന്മാർ പ്രൊട്ടക്റ്റിനിയത്തെ ആദ്യമായി തിരിച്ചറിഞ്ഞു. ബ്രെവിയം എന്നാണ് അവർ ആ പുതിയ മൂലകത്തിന് പേരിട്ടത്. 1918ൽ രണ്ട്കൂട്ടം ശാസ്ത്രജ്ഞർ (ജർമൻകാരായ ഓട്ടോ ഹാൻ, ലിസ് മെയ്റ്റ്നർ-ബ്രിട്ടീഷുകാരായ ഫ്രെഡറിക്ക് സോഡി, ജോൺ ക്രാൻസ്റ്റൻ) സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ 231-Pa കണ്ടെത്തിയതോടെ പുതിയ മൂലകത്തിന്റെ പേര് പ്രോട്ടോആക്റ്റിനിയം എന്നായിമാറി. 1949ൽ ഇത് പ്രൊട്ടക്റ്റിനിയം എന്ന് ചുരുക്കപ്പെട്ടു.
പിച്ച്‌ബ്ലെൻഡിലാണ് പ്രൊട്ടക്റ്റിനിയം കാണപ്പെടുന്നത്. 10 മില്യൺ അയിരിന്റെ ഭാഗങ്ങളിൽ ഒരു ഭാഗം 231Pa (അതായത് 0.1 ppm)എന്ന അളവിലാണ് ഇതിന്റെ സാന്നിദ്ധ്യം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ചില അയിരുകളിൽ 3 ppm അളവിലും പ്രൊട്ടക്റ്റിനിയം കാണപ്പെടുന്നു.
------------------------------------------------------------------------
പ്രൊട്ടക്റ്റിനിയത്തിന്റെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സംയുക്തങ്ങൾ
==============================================================
*ഫ്ലൂറൈഡുകൾ: PaF4, PaF5
*ക്ലോറൈഡുകൾ: PaCl4, PaCl5
*ബ്രോമൈഡുകൾ: PaBr4, PaBr5
*അയൊഡൈഡുകൾ: PaI3, PaI4, PaI5
*ഓക്സൈഡുകൾ: PaO, PaO2, Pa2O5
------------------------------------------------------------------------
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ