ജോൺ ആഡംസ്
ജോൺ ആഡംസ് യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്നു. മാസാച്ചുസെറ്റ്സിലെ ക്വിൻസിയിൽ 1735 ഒക്ടോബർ 30-ന് ഒരു കർഷകനായ ജോണിന്റെയും സൂസന്ന ബോയിൽസ്റ്റണിന്റെയും പുത്രനായി ജനിച്ചു. 1755-ൽ ഹാർവർഡ് കോളജിൽനിന്നും ബിരുദം സമ്പാദിച്ച ആഡംസ് കുറച്ചുകാലം വൂസ്റ്റിലെ ഒരു വിദ്യാലയത്തിൽ ആധ്യാപകവൃത്തി നോക്കി; അതിനിടയ്ക്കു നിയമപഠനം തുടരുകയും ചെയ്തു. 1758-ൽ ബോസ്റ്റണിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. ബാല്യം മുതൽക്കേ സാഹിത്യരചനയിൽ ആഡംസിനു താത്പര്യം ഉണ്ടായിരുന്നു. മാസാച്ചുസെറ്റ്സിലെ സുപ്പീരിയർ കോർട്ടിൽ ജെയിംസ് ഓട്ടിസ് (1725-83) നടത്തിയ വാദത്തെക്കുറിച്ച് ആഡംസ് എഴുതിയ റിപ്പോർട്ട് പ്രാധാന്യം അർഹിക്കുന്നു; ഈ സംഭവം അമേരിക്കൻ കോളനികളുടെ കാര്യത്തിൽ വിദേശീയർക്കു താത്പര്യം ജനിക്കാൻ കാരണമായി. ഇതോടുകൂടി മാസാച്ചുസെറ്റ്സിലെ വിഗ്ഗു നേതാവെന്ന നിലയിൽ ആഡംസ് ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു. 1764 ഒക്ടോബറിൽ വെയ്മത്തിലെ അബിഗെയിൽ സ്മിത്തി (1744-1818)നെ ആഡംസ് വിവാഹം ചെയ്തു. 1765 ആഗസ്റ്റിൽ സ്റ്റാമ്പുനികുതിക്കെതിരായി ജോൺ ആഡംസ് നാല് ലേഖനങ്ങൾ പേരുവയ്ക്കാതെ ബോസ്റ്റൺ ഗസറ്റിൽ എഴുതിയത് സാ...