Edward Gibbon - എഡ്‌വേഡ് ഗിബ്ബൺ


എഡ്‌വേഡ് ഗിബ്ബൺ പതിനെട്ടാം നൂറ്റാണ്ടിലെ (ഏപ്രിൽ 27, 1737 - ജനുവരി 16, 1794) ഒരു ഇംഗ്ലീഷ് ചരിത്രകാരനും പാർലമെന്റ് അംഗവും ആയിരുന്നു. അദ്ദേഹത്തിന്റെ മുഖ്യകൃതി, റോമാസാമ്രാജ്യത്തിന്റെ തളർച്ചയുടേയും തകർച്ചയുടേയും ചരിത്രം (History of the Decline and Fall of the Roman Empire) 1776-നും 1788-നും ഇടക്ക് ആറു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. "തളർച്ചയും തകർച്ചയും" അതിലെ ആക്ഷേപഹാസ്യം നിറഞ്ഞ ഗദ്യത്തിന്റെ മേന്മ, മൂല്യസ്രോതസ്സുകളിലുള്ള ആശ്രയം, സംഘടിതമതത്തിന്റെ വിമർശനം എന്നിവയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടു.

ഇംഗ്ലണ്ടിൽ സറിയിൽ പുട്ട്ണി നഗരത്തിലെ ലൈം ഗ്രോവിൽ എഡ്‌വേഡ്-ജൂഡിത്ത് ഗിബ്ബൺ ദമ്പതിമാരുടെ മകനായി 1737-ലാണ് എഡ്വേഡ് ഗിബ്ബൺ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് വേറെ ആറുമക്കൾ കൂടി ജനിച്ചെങ്കിലും അവരെല്ലാം ശൈശവത്തിൽ മരിച്ചു. "സൗത്ത് സീ കുമിള" എന്നറിയപ്പെടുന്ന 1720-ലെ ഓഹരിക്കമ്പോളത്തകർച്ചയിൽ ഗിബ്ബന്റെ എഡ്‌വേഡ് എന്നു തന്നെ പേരുള്ള മുത്തച്ഛന് സ്വത്തെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാൽ കാലക്രമേണ അദ്ദേഹം വീണ്ടും ധനം സമ്പാദിച്ചതിനാൽ ഗിബ്ബന്റെ പിതാവിന് സാമാന്യം വലിയ സ്വത്ത് പൈതൃകമായി കിട്ടി.


ബാല്യത്തിൽ തുടരെയുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. "അമ്മ അവഗണിക്കുകയും പോറ്റമ്മ(നഴ്സ്) പട്ടിണിക്കിടുകയും ചെയ്ത ഇത്തിരിക്കില്ലാത്ത കുട്ടി" ആയിരുന്നു താനെന്ന് ഗിബ്ബൺ പറയുന്നു. ഒൻപതാമത്തെ വയസ്സിൽ തെംസ് നദിയുടെ തീരത്തുള്ള കിങ്ങ്സ്റ്റണിൽ ഡോക്ടർ വൊഡേസൺ എന്നൊരാളുടെ സ്കൂളിൽ അദ്ദേഹത്തെ ചേർത്തു. താമസിയാതെ അമ്മ മരിച്ചു. അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട് "കിറ്റി അമ്മായി" എന്നു വിളിച്ചിരുന്ന കാതറീൻ പോർട്ടന്റെ വെസ്റ്റ്മിൻസ്റ്റർ സ്കൂളിലാണ് പിന്നെ ഗിബ്ബൺ ചേർന്നത്. അമ്മയുടെ വെറുപ്പ് മാത്രം അനുഭവിച്ചു വളർന്ന തനിക്ക്, അറിവിന്റേയും, യുക്തിയുടേയും, പിന്നീട് തന്റെ ആനന്ദവും ആശ്വാസവും ആയിത്തീർന്ന വായനയുടേയും ലോകങ്ങളിലേക്കു വഴിതുറന്നത് അവരാണെന്ന്, 1786-ൽ അവരുടെ മരണസമയത്ത് ഗിബ്ബൺ നന്ദിപൂർവം അനുസ്മരിച്ചു. [1] 1751 ആയപ്പോൾ ഗിബ്ബൺ പരന്ന വായനയുടെ ശീലം പ്രകടിപ്പിച്ചു. ലോറൻസ് എക്കാർഡിന്റെ "റോമൻ ചരിത്രം" (1713), വില്യം ഹോവലിന്റെ പൊതുചരിത്രം(1680–85), ആദിമകാലം മുതലുള്ള വിശ്വചരിത്രം" എന്ന പ്രശംസ പിടിച്ചുപറ്റിയ പരമ്പരയുടെ 65 വാല്യങ്ങളിൽ പലതും എല്ലാം വായനയിൽ ഉൾപ്പെടുത്തിയ ഗിബ്ബൺ, താൻ ഭാവിയിൽ പിന്തുടരാനിരിക്കുന്ന വഴിയുടെ സൂചന അന്നേ നൽകി.

ആരോഗ്യം മെച്ചപ്പെടുത്താനായി 'ബേത്ത്' എന്ന സുഖവാസകേന്ദ്രത്തിൽ ഗിബ്ബൺ കുറേക്കാലം കഴിഞ്ഞു. തുടർന്ന് 1752-ൽ 15-ആമത്തെ വയസ്സിൽ അദ്ദേഹത്തെ ഓക്സ്ഫോർഡിലെ മാഗ്ദലൻ കോളജിൽ ചേർത്തു. അവിടത്തെ സാഹചര്യങ്ങൾ ഗിബ്ബന്റെ സ്വഭാവത്തിന് ചേരുന്നവയായിരുന്നില്ല. ഓക്സ്ഫോർഡിൽ കഴിഞ്ഞ 14 മാസം തന്റെ ജീവിതത്തിലെ ഏറ്റവും അലസവും പ്രയോജനരഹിതവുമായ സമയമായിരുന്നെന്ന് പിന്നീട് ഗിബ്ബൻ പരിതപിച്ചു. അമ്മായിയുടെ സ്വാധീനം ഗിബ്ബണിൽ ദൈവജ്ഞാനപരമായ തർക്കങ്ങളിൽ താത്പര്യം ജനിപ്പിച്ചിരുന്നു. സ്വതന്ത്രചിന്തകനായ ദൈവശാസ്ത്രജ്ഞൻ കോണ്യേഴ്സ് മിഡിൽട്ടന്റേയും അദ്ദേഹത്തിന്റെ അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ച് ഒരന്വേഷണം(1749) എന്ന കൃതിയുടേയും സ്വാധീനത്തിൽ ഇത് ഗിബ്ബണെ എത്തിച്ചു. തന്റെ കൃതിയിൽ അത്ഭുതങ്ങളുടെ സംഭവ്യതയെ മിഡിൽട്ടൺ നിഷേധിച്ചിരുന്നു; എന്നാൽ ഗിബ്ബൺ മിഡിൽട്ടണെ എതിർത്തു. ആ തർക്കവും, കത്തോലിക്കാ മെത്രാൻ ഷാക് ബെനീൻ ബോസറ്റ്(1627–1704), ഇലിസബത്തൻ ഈശോസഭാവൈദികൻ റോബർട്ട് പാർസൺസ്(1546–1610), എന്നിവരുടെ രചനകളുടെ സ്വാധീനവും, ഓക്സ്ഫോർഡിലെ ഗിബ്ബന്റെ നാളുകളിലെ ഏറ്റവും ശ്രദ്ധേയമായ സംഭവത്തിന് വഴിയൊരുക്കി: 1753 ജൂൺ എട്ടാം തിയതി ഗിബ്ബൺ കത്തോലിക്കാവിശ്വാസത്തിലേക്ക് പരിവർത്തിതനായി. നാടകരചയിതാവ് ഡേവിഡ് മാലറ്റിന്റേയും അദ്ദേഹത്തിന്റെ പത്നി, കവയിത്രി ലൂസി മാലറ്റിന്റേയും സ്വതന്ത്രദൈവചിന്തയുടെ സ്വാധീനത്തിൽ ഗിബ്ബൺ പിന്നെയും "വഴിപിഴച്ചത്"പിതാവിനെ കൂടുതൽ അമ്പരപ്പിലാക്കി.


പരിവർത്തനം നടന്ന് ആഴ്ചകൾക്കകം പിതാവ് ഗിബ്ബണെ ഓക്സ്ഫോർഡിൽ നിന്ന് മാറ്റി, സ്വിറ്റ്സർലൻഡിലെ ലൊസാനിൽ നവീകൃത പാതിരി ദാനിയേൽ പാവിലാർഡിന്റെ ശിക്ഷണത്തിലാക്കി. ഇവിടെ വച്ചാണ് ഗിബ്ബൺ തന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സുഹൃത്തുക്കളെ കണ്ടുമുട്ടിയത്: ഗൈഥേയുടെ "വെർതറുടെ ദുഃഖങ്ങൾ" ഫ്രഞ്ചുഭാഷയിലേക്ക് മൊഴിമാറ്റിയ ഷാക് ജോർജ്ജ് ഡെയ്‌വർഡൺ ആയിരുന്നു അവരിലൊരാൾ; പിന്നീട് ഷെഫീൽഡ് പ്രഭു ആയിത്തീർന്ന ജോൺ ബേക്കർ ഹോൾറോയ്ഡ് രണ്ടാമനും. കുടുംബസ്വത്തിലുള്ള അവകാശം നിഷേധിക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്, ഒന്നരവർഷത്തിനു ശേഷം 1754-ലെ ക്രിസ്മസ് ദിനത്തിൽ ഗിബ്ബൺ പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക് തിരികെ പരിവർത്തിതനായി. "റോമൻസഭയുടെ വിശ്വാസപ്രമാണങ്ങൾ ഒരു സ്വപ്നം പോലെ മാഞ്ഞുപോയി" എന്നാണ് ഇതേക്കുറിച്ച് ഗിബ്ബൺ പിന്നീടെഴുതിയത്. ഫലസമൃദ്ധമായ അഞ്ചുവർഷങ്ങൾ ഗിബ്ബൺ ലൊസാനിൽ ചെലവഴിച്ചു. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും ആവിഷ്കരണനിപുണതയേയും ഏറെ പുഷ്ടിപ്പെടുത്തിയ വർഷങ്ങളായിരുന്നു അവ. ഗിബ്ബൺ ലത്തീൻ സാഹിത്യം വായിച്ചു; സ്വിറ്റ്സർലൻഡിലെ പ്രവിശ്യകളുടെ ഭരണഘടനകൾ പഠിച്ച് ആ നാട്ടിലുടനീളം സഞ്ചരിച്ചു; ഹ്യൂഗൊ ഗ്രോത്തിയസ്, ജോൺ ലോക്ക്, പിയറി ബേയ്ൽ, ബ്ലെയ്സ് പാസ്ക്കൽ എന്നിവരുടെ രചനകൾ ആഴത്തിൽ പഠിക്കുകയും ചെയ്തു.

ജീവിതത്തിൽ ഉണ്ടായ ഒരേയൊരു പ്രേമബന്ധത്തിൽ ഗിബ്ബൺ പെട്ടതും ഇക്കാലത്താണ്: ക്രാസി പാതിരിയുടെ മകൾ, പിന്നീട് ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ധനമന്ത്രി ജാക്ക് നെക്കറുടെ പത്നിയും പേരുകേട്ട മദാം ദ സ്റ്റാളിന്റെ അമ്മയും ആയിത്തീർന്ന സൂസാൻ കുർക്കോഡായിരുന്നു പെൺകുട്ടി. അവർ ഊഷ്മളപ്രേമത്തിലാവുകയും ഗിബ്ബൺ വിവാഹാഭ്യർത്ഥനനടത്തുകയും ചെയ്തെങ്കിലും ഗിബ്ബന്റെ പിതാവിന്റെ ശക്തമായ എതിർപ്പും, സ്വിറ്റ്സർലൻഡ് വിട്ടുപോകാൻ സൂസാൻ വിസമ്മതിച്ചതും മൂലം വിവാഹം അസാദ്ധ്യമായി. 1758-ൽ ഗിബ്ബൺ പിതാവിനെ കാണാൻ പോയി. തന്റെ തീരുമാനത്തെ പുത്രൻ ധിക്കരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഗിബ്ബൺ അതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്: "വേദനിപ്പിക്കുന്ന ഒരു ആന്തരികസമരത്തിനൊടുവിൽ ഞാൻ എന്റെ വിധിക്കു വഴങ്ങാൻ തീരുമാനിച്ചു: കാമുകൻ നെടുവീർപ്പിട്ടു, മകൻ അനുസരിച്ചു." സൂസൻ അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുമെന്ന് പറഞ്ഞെങ്കിലും ഗിബ്ബൺ അവരുമായുള്ള അടുപ്പം അവസാനിപ്പിച്ചു. അവരുടെ ഒടുവിലത്തെ വികാരനിർഭരമായ കൂടിക്കാഴ്ച 1764-ലെ വസന്തകാലത്ത് ഫ്രാൻസിലെ ഫെർണിയിലാണ് നടന്നത്. ഒരു വർഷത്തിനുശേഷം അവർ വീണ്ടും ഒരുവട്ടംകൂടിയെങ്കിലും കണ്ടുമുട്ടിയിട്ടുണ്ട്.

1770-ൽ ഗിബ്ബന്റെ പിതാവ് മരിച്ചു. പൈതൃകമായി കിട്ടിയ എസ്റ്റേറ്റിൽ അറ്റകുറ്റപ്പണികൾക്കു പണം മുടക്കിയശേഷവും അല്ലലില്ലാതെ മാന്യമായി തുടർന്ന് ജീവിക്കാൻ ഗിബ്ബണെ അനുവദിച്ചു. ലണ്ടണിലെ ബെന്റിക് തെരുവിൽ അദ്ദേഹം താമസമാക്കി. 1773 ഫെബ്രുവരിയായപ്പോൾ അദ്ദേഹം ഉത്സാഹിച്ച് എഴുത്ത് തുടങ്ങിയിരുന്നു. നേരമ്പോക്കിനുള്ള ഇടവേളകൾ മനപൂർവം അനുവദിച്ചുകൊണ്ടായിരുന്നു എഴുത്ത്. ലണ്ടണിലെ പൊതുജീവിതത്തിൽ അദ്ദേഹം സജീവമായി പങ്കുചേർന്നു. സാമുവൽ ജോൺസന്റെ സാഹിത്യസഭ അടക്കമുള്ള ക്ലബ്ബുകളിൽ അദ്ദേഹം അംഗമായിരുന്നു. ഇടക്കിടെ സുഹൃത്ത്, സസക്സിലെ ഹോൾറോയ്ഡുമായും ഒത്തുചേർന്നു. ഒലിവർ ഗോൾഡ്സ്മിത്തിനെ പിന്തുടർന്ന് അദ്ദേഹം റോയൽ അക്കാദമിയിൽ പുരാതനചരിത്രത്തിന്റെ പ്രൊഫസറായി. പ്രതിഫലത്തോടുകൂടിയതല്ലെങ്കിലും ഏറെ മാനിക്കപ്പെട്ടിരുന്ന സ്ഥാനമായിരുന്നു അത്. 1774-ൽ അദ്ദേഹം ഫ്രീമേസൺ എന്ന സ്വതന്ത്ര ക്രിസ്തീയ കൂട്ടായ്മയിലും സ്വീകരിക്കപ്പെട്ടു.അതേവർഷം തന്നെ, ക്രോൺവാളിലെ ലിസ്കെയാർഡിൽ നിന്ന് അദ്ദേഹം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബന്ധുവും അഭ്യുദയകാംക്ഷിയുമായ എഡ്വേഡ് ക്രാഗ്സ് ഇലിയറ്റിന്റെ ഇടപെടൽ മൂലമാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. പിൻകസേരകളിൽ അറിയപ്പെടുന്ന മൗനിയായി സഭാനടപടികളിൽ താത്പര്യം കാട്ടാതെയാണ് അദ്ദേഹം ജനസഭയിൽ സമയം പോക്കിയത്. ഈ അലസത ഒരുപക്ഷേ മനപൂർവം തെരഞ്ഞെടുത്തതാകാം. സഭയിലെ അംഗത്വം "തളർച്ചയുടേയും തകർച്ചയുടേയു" പുരോഗതിയെ ബാധിക്കാതിരിക്കാൻ അത് ഇടയാക്കി. അമേരിക്കൻ കോളനികളുടെ കലാപത്തോട് ജോർജ്ജ് മൂന്നാമൻ രാജാവിന്റെ സർക്കാർ പ്രതികരിച്ച രീതിയേയും മറ്റും പിന്തുണച്ചതിനു പ്രതിഫലമായാകാം, സാമാജികസ്ഥാനം നഷ്ടപെട്ട ഗിബ്ബൺ, വ്യാപാര-തോട്ട ബോർഡിൽ 750 പൗണ്ട് വാർഷികവരുമാനമുള്ള സ്ഥാനത്ത് നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തളർച്ചയുടേയും തകർച്ചയുടേയും കഥ കൂടി എഴുതാതിരിക്കാൻ, ജോർജ്ജ് മൂന്നാമൻ ഗിബ്ബണെ വിലക്കെടുക്കുകയാണ് ചെയ്തതെന്ന് ആളുകൾ തമാശപറയാൻ ഇത് ഇടയാക്കി.


പല തിരുത്തിയെഴുതലുകൾക്കൊടുവിൽ ജീവിതത്തിലെ മുഖ്യനേട്ടമായിത്തീർന്ന രചനയുടെ ആദ്യവാല്യം ഗിബ്ബൺ 1776 ഫെബ്രുവരി 17-ന് പ്രസിദ്ധീകരിച്ചു. 1777 അവസാനിച്ചപ്പോൾ അതിന്റെ മൂന്നു പതിപ്പുകൾ വെളിച്ചം കണ്ടിരുന്നു. ഗിബ്ബണ് നല്ല പ്രതിഫലവും കിട്ടി. മൊത്തം കിട്ടിയ ലാഭത്തിന്റെ മൂന്നിലൊന്നായ 1000 പൗണ്ടായിരുന്നു അദ്ദേഹത്തിന്റെ വിഹിതം. തുടർന്ന് ഗിബ്ബന്റെ പ്രശസ്തി ശീഘ്രം വളർന്ന് സ്ഥിരമായി നിന്നു എന്ന് ജീവചരിത്രകാരൻ ലെസ്ലി സ്റ്റീഫൻ എഴുതിയിട്ടുണ്ട്. ആദ്യവാല്യത്തിന് "ഡേവിഡ് ഹ്യൂം നൽകിയ ഊഷ്മളമായ അഭിനന്ദനം തന്നെ പത്തുവർഷത്തെ പ്രയത്നത്തിന് പ്രതിഫലമാകാൻ മതിയാകുമായിരുന്നു" എന്ന് ഗിബ്ബൺ എഴുതി.


1781 മാർച്ചിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ടും മൂന്നും വാല്യങ്ങളും ആദ്യവാല്യത്തിനൊപ്പം തന്നെ ജനസമ്മതി നേടി. നാലാം വാല്യം വെളിച്ചം കണ്ടത് 1784 ജൂണിലാണ്; അവസാനത്തെ രണ്ടു വാല്യങ്ങൾ 1783 സെപ്റ്റംബർ മുതൽ 1787 ഓഗസ്റ്റ് വരെ ലൊസാനിലേയ്ക്കുനടത്തിയ രണ്ടാം യാത്രക്കിടെയാണ് പൂർത്തിയായത്. ലൊസാനിൽ അദ്ദേഹം പഴയ സുഹൃത്ത് ഡെയ്‌വർഡുമായി സൗഹൃദം പുതുക്കി.
ഏറ്റവും മഹാനായ റോമൻ ചക്രവർത്തിമാരിലൊരാളായിർന്ന മാർക്കസ് ഔറേലിയസ് തന്റെ അനന്തരാവകാശിയായി തെരഞ്ഞെടുത്തത് ദുർവൃത്തനായ പുത്രൻ കമ്മോഡസിനെയായിരുന്നു. സാമ്രാജ്യത്തിന്റെ തളർച്ച ആ തെരഞ്ഞെടുപ്പിൽ തുടങ്ങിയതായി ഗിബ്ബൺ കരുതി. പാശ്ചാത്യസാമ്രാജ്യത്തിന്റെ ക്രി.വ. 476-ലെ പതനത്തോടെ രചന അവസാനിപ്പിക്കാനാണ് ആദ്യം ഗിബ്ബൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ മൂന്നാം വാല്യം പൂർത്തിയായപ്പോൾ തന്റെ ചരിത്രത്തിൽ ബൈസാന്തിയത്തിന്റെ ബാക്കി കഥ കൂടി ഉൾപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് തുടർന്ന് മൂന്നുവാല്യങ്ങൾ കൂടി എഴുതപ്പെട്ടത്.


തളർച്ചയും തകർച്ചയും പ്രസിദ്ധീകരിച്ചതിനെ തുടർന്നുവന്ന വർഷങ്ങൾ ദുഃഖവും ശാരീരികക്ലേശങ്ങളും നിറഞ്ഞതായിരുന്നു. പ്രസിദ്ധീകരണത്തിനു മേൽനോട്ടം വഹിക്കാനായി അദ്ദേഹം ഷെഫീൽഡ് പ്രഭുവിനൊപ്പം 1787-ൽ ലണ്ടണിലെത്തിയിരുന്നു. അതുപൂർത്തിയാക്കി 1789-ൽ ലൊസാനിൽ തിരിച്ചെത്തിയ അദ്ദേഹം സുഹൃത്ത് ഡെയ്‌വർഡന്റെ മരണവാർത്ത കേട്ടു ദുഃഖിതനായി. ഡെയ്‌വർഡന്റെ വസതി ലാ ഗ്രോട്ടെ എന്ന വസതി കാലശേഷം ഗിബ്ബണാണ് നൽകിയത്. അവിടെ ഏറെ ഒച്ചപ്പാടില്ലാതെ ജീവിച്ച അദ്ദേഹം, അയൽക്കാരുമായി ഇടപ്പഴകുകയും, 1791-ൽ സന്ദർശകനായെത്തിയ ഷെഫീൽഡ് പ്രഭുവിനെ സ്വീക്കരിക്കുകയും, ഫ്രഞ്ചുവിപ്ലവത്തെ ആശങ്കയോടെ നോക്കിക്കാണുകയും ചെയ്തു. 1793-ൽ ഷെഫീൽഡിന്റെ പത്നി മരിച്ചു; സുഹൃത്തിനെ ആശ്വസിപ്പിക്കാനായി അദ്ദേഹം ഉടൻ ലൊസാനിൽ നിന്ന് തിരിച്ചു. ഡിസംബർ മാസത്തോടെ ഗിബ്ബന്റെ ആരോഗ്യം വഷളാകാൻ തുടങ്ങി. വർഷം അവസാനിക്കുമ്പോൾ അദ്ദേഹം മരണത്തോടടുത്തിരുന്നു.  1794 ജനുവരി 16-ആം തിയതി 12.45-ന് 56-ആമത്തെ വയസ്സിൽ അന്ത്യശ്വാസം വലിച്ചു. സസെക്സിലെ ഫ്ലെച്ചിങ്ങിലുള്ള ഷെഫീൽഡിന്റെ കുടുംബശ്മശാനത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ