പ്ലൂട്ടോ
സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ് പ്ലൂട്ടോ. കൈപ്പർ വലയത്തിൽ ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. 1930-ൽ അമേരിക്കകാരനായ ക്ലൈഡ് ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. വെനിഷ്യ ബെർണി(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്. ചന്ദ്രന്റെ വലിപ്പത്തിന്റെ മൂന്നിലൊന്നും പിണ്ഡത്തിന്റെ ആറിലൊന്നും മാത്രമാണിതിനുള്ളത്. സൂര്യനുമായുള്ള പ്ലൂട്ടോയുടെ അകലം ഏറ്റവും അടുത്തു വരുമ്പോൾ 30 ജ്യോതിർമാത്രയും ഏറ്റവും അകലെയാവുമ്പോൾ 49 ജ്യോതിർമാത്രയുമാണ്. ഇതു കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ നെപ്റ്റ്യൂണിന്റെ പരിക്രമണപഥത്തിനകത്താകും.